കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകളിൽനിന്ന് കോടികൾ തട്ടിയെടുത്ത മാനേജർ എം.പി.റിജിലിനായുള്ള അന്വേഷണം തുടരുന്നു. റിജിൽ കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, റിജിൽ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
കോർപറേഷന്റെ അക്കൗണ്ടിൽനിന്നല്ലാതെ നിരവധി പേരുടെ സ്വകാര്യ അക്കൗണ്ടുകളിൽ നിന്നുകൂടി റിജിൽ പണം തട്ടിയതായും സൂചനയുണ്ട്. നിലവിൽ ഒരു അക്കൗണ്ടിൽനിന്ന് 18 ലക്ഷം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അസി.കമ്മിഷണർ ടി.എ.ആന്റണിക്കാണ് അന്വേഷണ ചുമതല. അതിനിടെ, ബാങ്കിന്റെയും കോർപറേഷന്റെയും കണക്കുകളിൽ പൊരുത്തക്കേടുള്ളതായും വിവരങ്ങളുണ്ട്.
കോഴിക്കോട് കോര്‍പറേഷന്റെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോര്പറേഷൻ വ്യക്തമാക്കിയത്. ഈ തുക മൂന്ന് ദിവസത്തിനകം തിരികെ നിക്ഷേപിക്കുമെന്ന് ബാങ്ക് അധികൃതര്‍ കോര്പറേഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, റിജിൽ 12 കോടി തട്ടിയെടുത്തതായാണ് ബാങ്കിലെ ഓഡിറ്റ് വിഭാഗം പ്രാഥമികമായി കണ്ടെത്തിയത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഡിറ്റിങ് പൂർത്തിയായിട്ടില്ല. ചെന്നൈയിൽനിന്നുള്ള പ്രത്യേക സംഘമാണ് ഓഡിറ്റിങ് നടത്തുന്നത്. ഇതുകഴിഞ്ഞാൽ മാത്രമേ എത്ര തുക നഷ്ടമായെന്ന് വ്യക്തമാകൂ.
തട്ടിപ്പിലൂടെ നേടിയ പണം ഓൺലൈൻ റമ്മിപോലുള്ള ഗെയിമുകൾക്കും ഓഹരി വിപണിയിലും റിജിൽ ഉപയോഗിച്ചതായാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോഴിക്കോട് കോര്പ്പറേഷന് അക്കൗണ്ടില്‍ നിന്ന് മാത്രം പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇതില്‍ രണ്ട് കോടി 53 ലക്ഷം രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖ മാനേജര്‍ റിജില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക്അക്കൗണ്ടുകളില്നിന്ന് 12 കോടിയോളം രൂപകൂടി കാണാതായതായാണ് കോഴിക്കോട് കോര്പ്പറേഷന് പരിശോധനയില്‍ കണ്ടെത്തിയത്. കുടുംബശ്രീയുടെ അക്കൗണ്ടില്‍നിന്നുമാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ പരിശോധനയില്‍ കണ്ടെത്തിയത്.