/indian-express-malayalam/media/media_files/uploads/2017/02/uv-jose.jpg)
കോഴിക്കോട്: തന്നെ കലക്ടർ ബ്രോയെന്നു വിളിക്കരുതെന്ന അഭ്യർഥനയുമായി കോഴിക്കോട് പുതിയ കലക്ടർ യു.വി.ജോസ്. ജോസേട്ടായെന്നു വിളിച്ചോളൂ. മറ്റെന്തെങ്കിലും നിങ്ങൾക്ക് തോന്നിയാൽ അതുമാകാം. എന്തായാലും ബ്രോ വേണ്ടെന്നും കലക്ടർ കോഴിക്കോടെന്ന ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കലക്ടർ ബ്രോയെന്ന പേര് പ്രശാന്തിന് മാത്രം കൊടുക്കാനും പുതിയ കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നല്ലതാണേൽ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേൽ വലിച്ച് കീറി തേച്ചൊടിക്കും എന്ന ഫെയ്സ്ബുക്ക് പേജിലെ കമന്റിനും കലക്ടർ മറുപടി പറഞ്ഞിട്ടുണ്ട്. ഇതൊരു ഭയങ്കര വെല്ലുവിളിയാണെന്നും സന്തോഷത്തോടെ അത് സ്വീകരിക്കുന്നുവെന്നുമാണ് കലക്ടറുടെ മറുപടി.
മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എൻ.പ്രശാന്തിനെ കോഴിക്കോട് കലകടർ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. പകരം കലക്ടറായിട്ടാണ് യു.വി.ജോസിനെ നിയമിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹൊ! എന്തൊക്കെ പോസ്റ്റിംങ്ങ് ആയിരുന്നു.
ആദ്യം വായിച്ചപ്പോൾ ശരിക്കും പേടിച്ചു പോയി.
നിങ്ങളുടെ സ്വന്തം ''കലക്ടർ ബ്രോ" യെ മാറ്റി, പകരം "വില്ലൻ '' റോളിൽ വന്നയാളെപ്പോലെയാണല്ലോ എല്ലാവരും കാണുന്നത് എന്നോർത്ത് അല്പം വിഷമം തോന്നി.
എന്നാൽ രണ്ടാമതൊരാവർത്തികൂടി വായിച്ചപ്പോൾ ശരിക്കും മനസ്സിലായി, നിങ്ങളിലൊരാൾ ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയെ പ്രതികരിക്കുമായിരുന്നുവെന്ന്. നിങ്ങൾ അത്രമാത്രമാണ് നിങ്ങളോടൊപ്പം എന്റെയും കൂടി പ്രിയപ്പെട്ട പ്രശാന്തിനെ സ്നേഹിച്ചിരുന്നതെന്ന്.
Noufal പറഞ്ഞത് പോലെ ഇവിടെയുള്ളവരുടെ മനസ്സ് പാകപ്പെടാൻ കുറച്ച് സമയമെടുക്കുമെന്ന്...
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Nousheer ന്റെ പോസ്റ്റാണ്. " നല്ലതാണേൽ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേൽ വലിച്ച് കീറി തേച്ചൊടിക്കും"
ഇതൊരു ഭയങ്കര വെല്ലുവിളി തന്നെ.....
എന്തായാലും ഞാൻ തോൽക്കാനില്ല....
അല്ലെങ്കിലും ഇത്രയും പേർ കൂടെ നിൽക്കുമ്പോൾ എങ്ങിനെയാ തോൽക്കാനാവുക.
ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നു....
"എന്നാ ഒന്ന് നോക്കിക്കളയാം..."
പിന്നെ ഒരു കാര്യം Sajith അടക്കം പലരും ചോദിച്ചു "കലക്ടർ ബ്രോ" എന്നു വിളിച്ചോട്ടേയെന്ന്...
അത് വേണ്ട....
അത് ശരിയുമല്ല....
ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക....
അതിന് പകരം ആരോ പറഞ്ഞത് പോലെ "ജോസേട്ടാ "... യെന്ന് വിളിച്ചോളൂ... മറ്റെന്തെങ്കിലും നിങ്ങൾക്ക് തോന്നിയാൽ അതുമാകാം. എന്തായാലും bro വേണ്ട.
ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകും...
നൗഷീറെ... നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാൻ പോകൂ....
പിന്നെ മാറ്റിപ്പറയല്ലേ....
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.