കോഴിക്കോട്: പൊലീസുകാരൻ ഉമേഷ് വള്ളിക്കുന്നിന്റെ സസ്പെൻഷൻ ഉത്തരവിൽ തന്റെ പേര് മോശമായി പരാമർശിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചുവെന്നും ആരോപിച്ച് യുവതി നൽകിയ പരാതിയിൽ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം. ഉമേഷിനെ സസ്പെൻഡ് ചെയ്ത നടപടിയും ഉത്തരമേഖലാ ഐജി അശോക് യാദവ് പരിശോധിക്കും. അതിനിടെ, സസ്പെൻഷൻ നോട്ടീസിനു പിന്നാലെ ഉമേഷിനു സിറ്റി പൊലീസ് കമ്മിഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി.

സിറ്റി പൊലീസ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ യു. ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്നിനെ 18നാണു സിറ്റി പൊലീസ് കമ്മിഷണർ എവി ജോർജ് സസ്പെൻഡ് ചെയ്തത്. മകളെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയെന്ന കോഴിക്കോട് സ്വദേശിനിയായ മുപ്പത്തിയൊന്നുകാരിയുടെ അമ്മ നൽകിയ പരാതിയിൽ, പൊലീസ് സേനയുടെ അന്തസിനും സൽപ്പേരിനും കളങ്കമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാരോപിച്ചാണ് ഉമേഷിനെ സസ്പെൻഡ് ചെയതത്.

യുവതിയെ കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് എടുത്തുതാമസിപ്പിക്കുകയാണെന്നും അവിടെ നിത്യ സന്ദർശകനാണെന്നും പരാമർശങ്ങളുള്ള സസ്പെൻഷൻ ഉത്തരവ് ഉമേഷ് കഴിഞ്ഞദിവസം ഫെയ്‌സ്‌ബുക്കിൽ വച്ചിരുന്നു. പൊലീസിനുള്ളിലെ സദാചാര പൊലീസിങ്ങാണ് തനിക്കെതിരായ നടപടിയെന്നും ഉദ്യോഗസ്ഥർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും ഉമേഷ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

പൊലീസിനെ അവഹേളിക്കുന്ന തരതത്തിലും അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായ തരത്തിലും ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടുവെന്ന് ആരോപിച്ചാണു ഉമേഷിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

വേട്ട തുടങ്ങിക്കഴിഞ്ഞു. അടുത്ത മെമ്മോ ഇന്ന് ഉച്ചക്ക് കൈപ്പറ്റി.
“കോടതി വിധി വായിക്കുക” എന്നത് തീവ്ര ഇടതുപക്ഷ…

Posted by Umesh Vallikkunnu on Tuesday, 22 September 2020

“അലനും, താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ച കാര്യത്തിൽ പ്രതികൾക്ക് അനുകൂലമായ വിധത്തിലും, നിങ്ങൾക്കെതിരെയുള്ള വകുപ്പുതല നടപടിയുടെ ഭാഗമായി ഇൻക്രിമെന്റ് നഷ്ടപ്പെട്ടത് സംബന്ധിച്ച് പോലീസ് വകപ്പിനെ അവഹേളിക്കുന്ന തരത്തിലും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ ഈമാസം 17ാം തിയ്യതി ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്,” എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം ഉമേഷ് നൽകിയിട്ടുള്ള കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്.

ഉമേഷിന്റെ സസ്പെൻഷൻ ഉത്തരവിൽ തന്റെ പേര് മോശമായി പരാമർശിച്ചുവെന്നും താൻ തനിച്ച് താമസിക്കുന്നയിടത്ത് വനിതാ പോലീസുകാര്‍ ഇല്ലാതെ എത്തി  നിര്‍ബന്ധിച്ച് മൊഴിയെടുത്തുവെന്നും സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി ഉമേഷിന്റെ സുഹൃത്തായ യുവതി ഐ.ജിക്കാണു പരാതി നല്‍കിയിരുന്നത്. സ്‌പെഷൽ ബ്രാഞ്ച് എ.സി.പി. സുദര്‍ശനും  പൊലീസുകാരനായ നാരായണനുമെതിരെയായിരുന്നു പരാതി.

താന്‍ പറഞ്ഞ പല കാര്യങ്ങളും മൊഴിയില്‍ ചേര്‍ക്കാതെ സ്വന്തം ഇഷ്ടപ്രകാരമുള്ളത് എഴുതിച്ചേര്‍ത്താണ് എസിപി കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook