കോഴിക്കോട്. വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പിടിയിലായ യുവാക്കള്‍ക്കെതിരെ കേസ്. ഇവര്‍ക്കെതിരെ പെണ്‍കുട്ടികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മൊഴി. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സൊ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.
പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയത് മലപ്പുറം എടക്കര സ്വദേശിയാണെന്ന് കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. കേസില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക.
ബുധനാഴ്ചയായിരുന്നു ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. ഇതില്‍ രണ്ട് കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാല് പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട്ടെത്തിയ നാല് കുട്ടികൾ അവിടെ നിന്നും എടക്കരയില്‍ എത്തുകയായിരുന്നു. ഓട്ടോയിൽ പോവുകയായിരുന്ന ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്നാണ് വിവരം.
ഇന്നലെ രാവിലെ ഒരാളെ മൈസൂരിൽ നിന്നും മറ്റൊരാളെ വ്യാഴാഴ്ച ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു. മൈസൂരുവിലെ മാണ്ഡ്യയില്‍ നിന്നാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നാണ് വിവരം. കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു കുട്ടിയെന്നാണ് അറിയുന്നത്. ഇന്നലെ വൈകുന്നേരം കുട്ടുകളെ ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുകയും ജുവനൈല്‍ ഹോമില്‍ എത്തിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ചേവായൂര്‍ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടികൾ റോഡിലൂടെ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ബെംഗളൂരുവിലെ മടിവാളയിലെ ഹോട്ടലിൽ പെൺകുട്ടികളെ ആദ്യം കണ്ടെത്തിയത്. പെൺകുട്ടികളെ കണ്ട് സംശയം തോന്നിയ ഹോട്ടൽ അധികൃതർ അവരെ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ ഒഴികെ ബാക്കി അഞ്ചുപേരും ഓടി രക്ഷപ്പെടുകയായിരുന്നു.