കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറ് പെണ്‍കുട്ടികള്‍ കാണാതായ കേസിൽ പൊലീസ് സ്റ്റേഷനിൽനിന്ന് ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ. ചേവായൂർ പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫിയെ ഒന്നര മണിക്കൂറിനുശേഷമാണു പിടികൂടിയത്.
സ്റ്റേഷനിലെ പിൻഭാഗത്തെ വാതിലൂടെ ഓടിരക്ഷപ്പെട്ട യുവാവ് സമീപത്തെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. സംഭവത്തിനുപിന്നാലെ യുവാവിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു.
കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഫെബിന് റാഫിയെയും കൊല്ലം സ്വദേശി ടോം തോമസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ബെംഗളൂരുവില്‍നിന്നു പൊലീസ് പിടികൂടിയ യുവാക്കളെ ഇന്നു പുലര്‍ച്ചെയാണ് കോഴിക്കോട്ടെത്തിച്ചത്. പോക്സോ, ജുവനൈല്‍ ജസ്റ്റിസ് നിയമങ്ങള്‍ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
Also Read: മാര്‍ക്ക് ലിസ്റ്റിന് ഒന്നര ലക്ഷം കൈക്കൂലി; എംജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍
ആറ് പെണ്‍കുട്ടികളുടെയും രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. അഞ്ചുപേരുടെ മൊഴി നേരിട്ടു രേഖപ്പെടുത്തി. മറ്റൊരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്.
ബുധനാഴ്ചയാണ് ആറ് പെണ്‍കുട്ടിളെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായത്. പെണ്‍കുട്ടികളിലൊരാളെ ഇന്നലെ രാവിലെ മൈസൂരില്‍ നിന്നും മറ്റൊരാളെ വ്യാഴാഴ്ച ബെംഗളൂരുവില്‍നിന്നും കണ്ടെത്തിയിരുന്നു. മറ്റു നാല് പേരെ മലപ്പുറം എടക്കരയില്‍നിന്നാണ് കണ്ടെത്തിയത്.
ബെംഗളൂരുവില്‍നിന്ന് ട്രെയിനില്‍ പാലക്കാട്ടെത്തിയ നാല് കുട്ടികള്‍ അവിടെനിന്ന് ഓട്ടോയില്‍ എടക്കരയിലേക്കു പോകുന്നതിനിടെ, പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. അതിനിടെ, പെണ്‍കുട്ടികള്‍ക്കു പണം നല്‍കിയത് മലപ്പുറം എടക്കര സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം.
Assault case accused nabbed an hour after escaping from Kozhikode police station…