കോഴിക്കോട്: കൊല്ലം സ്വദേശിയായ ഇരുപത്തി മൂന്നുകാരിയെ കോഴിക്കോട്ട് മദ്യവും ലഹരിവസ്തുക്കളും നല്‍കി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്.
കേസിൽ നാല് പ്രതികളാണുള്ളതെന്നാണ് പൊലീസ് നിഗമനം. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ ഇന്നലെ പിടിയിലായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പീഡനത്തെത്തുടർന്ന് അവശനിലയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസിൽ സംഭവം നടന്ന ലോഡ്ജിന്റെ നടത്തിപ്പുകാരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ലോഡ്ജിന്റെ ലെഡ്ജർ പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. ലോഡ്ജിനെതിരെ പ്രദേശവാസികൾ ഉൾപ്പടെ പരാതി ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ആ സാഹചര്യത്തിലാണ് നടത്തിപ്പുകാരുടെ പങ്കും അനേഷിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
ടിക്‌ടോക് വഴി രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട യുവതിയെ അജ്‌നാസ് കോഴിക്കോട്ടേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയെ അജ്‌നാസും ഫഹദും ചേര്‍ന്നാണ് നഗരത്തിലെ ലോഡ്ജിലെത്തിച്ചത്.
Also Read: പൊലീസ് മാന്യമായി പെരുമാറണം; സർക്കുലർ പുറപ്പെടുവിച്ച് ഡിജിപി
യുവതിയെ ബലാത്സംഗം ചെയ്ത അജ്‌നാസ്, അടുത്ത മുറിയിലുണ്ടായിരുന്ന നിജാസിനെയും സുഹൈബിനും വിളിച്ചുവരുത്തി. തുടർന്ന് മദ്യം ലഹരിവസ്തുക്കളും യുവതിക്കു നൽകി മയക്കിയശേഷം ഇരുവരും ബലാത്സംഗം ചെയ്തുവെന്നും പൊലീസ് പറയുന്നു.
യുവതി അതിക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.
അവശനിലയിലായ യുവതിയെ പ്രതികളാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. ഇന്നലെ അറസ്റ്റിലായ അജ്‌നാസിനെയും ഫഹദിനെയും ഫ്‌ളാറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.
എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായ, വ്യക്തിയെ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.