കോഴിക്കോട്: തൊണ്ടയാട് ആളൊഴിഞ്ഞ പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും. കർണാടകയിലെ കൂർഗ് മേഖലയിൽ നേരത്തെ അനധികൃത വിൽപന ഉണ്ടായിരുന്നത് കണക്കിലെടുത്താണ് അന്വേഷണം കേരളത്തിന് പുറത്ത് കർണാടക ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
വെടിയുണ്ടകൾ ഇന്ത്യയിലും വിദേശത്തുമുള്ള നാല് കമ്പനികളിൽ നിർമ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വെടിയുണ്ടകൾക്ക് ചിലതിന് 15 വർഷം വരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തൊണ്ടയാട് ആളൊഴിഞ്ഞ പറമ്പിൽ അഞ്ച് പെട്ടികളിലായി വെടിയുണ്ടകള്‍ കണ്ടെത്തിയത്. കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് വെടിയുണ്ടകൾ കണ്ടത്. 266 വെടിയുണ്ടകളാണ് അഞ്ച് പെട്ടികളിലായി ഉണ്ടായിരുന്നത്. റൈഫിളില്‍ ഉപയോഗിക്കുന്ന 0.22 ഇനത്തിൽപ്പെടുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഫയറിങ് പരിശീലനത്തിനായി ഉപയോഗിക്കുന്ന ടാര്‍ഗെറ്റും സ്ഥലത്ത് നിന്നും കണ്ടെത്തിയിയിരുന്നു.
വെടിയുണ്ടകൾ വിതരണം ചെയ്ത ഏജൻസിയുടെ വിവരങ്ങൾ ലഭിക്കുന്നതിനായി നിർമ്മാണ കമ്പനിയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അതോടൊപ്പം റൈഫിള്‍ ക്ലബുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളുടേയും അംഗീകൃത വില്പനശാലകളില് നിന്ന് വിറ്റുപോയവയുടേയും കണക്കുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. സ്ഥലത്ത് ഫയറിങ് പരിശീലനമോ മറ്റോ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാൽ ജനവാസമേഖല ആയതിനാൽ അതിനുള്ള സാധ്യത വിരളമാണ്. ആരെങ്കിലും ഉപേക്ഷിച്ചതാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് പൊലീസ്.
Also Read: സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്