കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടൽപ്പാലം തകർന്നു വീണ് 13 പേർക്ക് പരിക്ക്. പാലത്തിന്റെ ഒരുഭാഗം തകർന്നു വീഴുകയായിരുന്നു. കോഴിക്കോട് സ്വദേശികളായ സുമേഷ്, എല്‍ദോ, റിയാസ്, അനസ്, ശില്പ, ജിബീഷ്, അഷര്‍, സ്വരാജ്, ഫാസില്‍, റംഷാദ്, ഫാസില്‍, അബ്ദുള്‍ അലി, ഇജാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.
ബീച്ചിലെത്തിയ ഇവര്‍ കടല്‍പാലത്തിന് മുകളില്‍ കയറിയതായിരുന്നു. ഈ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: ദേശീയപാതയിലെ ഗതാഗത നിയന്ത്രണം: പ്രക്ഷോഭക്കൊടുങ്കാറ്റില്‍ കലങ്ങിമറിഞ്ഞ് വയനാട്
അതേസമയം വൈകുന്നേരങ്ങളില്‍ പാലത്തിനടിയില്‍ ആളുകള്‍ ഇരിക്കാറുണ്ടെന്ന് ദൃക്ഷസാക്ഷികള്‍ പറഞ്ഞു. കൂടാതെ കടല്‍ വെള്ളത്തില്‍ അപകടം നടന്ന ഭാഗത്ത് കടല്‍ വെള്ളത്തില്‍ രക്തം കണ്ടുവെന്ന് ദൃക്ഷസാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് ഫയര്‍ഫോഴ്സും ടൗണ്‍പൊലിസും സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
ഏറെക്കാലമായി അപകടാവസ്ഥയിലായ പാലത്തിൽ കയറരുതെന്ന് സഞ്ചാരികളോട് നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും മറികടന്ന് ബീച്ചിലെത്തുന്നവർ പാലത്തിൽ കയറി സെൽഫി എടുക്കുന്നതും മറ്റും പതിവാണ്.