കോഴിക്കോട്: കരിപ്പൂരില്‍ ലാന്‍ഡിങ്ങിനെ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് യാത്രക്കാര്‍ ഉള്‍പ്പെടെ 190 പേര്‍. കനത്ത മഴയാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട വിമാനം 35 അടി താഴ്ചയിലേക്കാണു വീണത്. മുന്‍ഭാഗം കുത്തി വീണ വിമാനം രണ്ടായി പിളരുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് തീപിടിത്തമുണ്ടായില്ലെന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യയുടെ XI 1344 എന്ന വിമാനമാണു കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ടത്. വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി താഴേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു. രാത്രി 7.41നായിരുന്നു അപകടം.

സംഭവത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാതെ ഉള്‍പ്പെടെ 17 പേരുടെ മരണമാണ് ഇ സ്ഥിരീകരിച്ചിരിക്കുന്നത്. 174 യാത്രക്കാര്‍ക്കൊപ്പം 10 കുഞ്ഞുങ്ങളും വിമാനത്തിലുണ്ടായിരുന്നു. രണ്ടു പൈലറ്റുമാരെക്കൂടാതെ നാല് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

Read More Stories on Karipur Airport Plane Accident

പൈലറ്റിനു റണ്‍വേ കാണാന്‍ കഴിയാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക വിവരം. സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. വീണ്ടും ടേക്ക് ഓഫ് ചെയ്യാനുള്ള പൈലറ്റിന്റെ ശ്രമം പരാജയപ്പെട്ടതോടെ വിമാനം റണ്‍വേയില്‍നിന്നു താഴേക്കു പതിച്ചു.

ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ വന്നുവെന്നാണ് നിഗമനം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് 35 അടി താഴ്ചയിലേക്കാണു വിമാനം വീണത്. മുന്‍വാതിലിന്റെ അടുത്തുവച്ച് വിമാനം രണ്ടായി പിളര്‍ന്നു. കോക്ക്പിറ്റ് മുതല്‍ മുന്‍വാതില്‍ വരെയുള്ള ഭാഗം പൂര്‍ണമായി തകര്‍ന്നു.

കോക്ക്പിറ്റിനു തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസിലുണ്ടായിരുന്ന യാത്രക്കാരാണു  പരുക്കേറ്റവരിൽ ഏറെയും. പരുക്കേറ്റവരെ മലപ്പും ജില്ലയിലെയും കോഴിക്കോട് നഗരത്തിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. അപകടം അറിഞ്ഞയുടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, ഗവ. ബീച്ച് ആശുപത്രി എന്നിവയും മൂന്നു സ്വകാര്യ ആശുപത്രികളും ചികിത്സയ്ക്കായി സജ്ജമായി. പരുക്കേറ്റവരെ എത്തിക്കാനായി നൂറോളം ആംബുലന്‍സുകളാണു കോഴിക്കോട്ടുനിന്ന് കരിപ്പൂരിലേക്ക് അയച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.