ദുരന്തങ്ങള്‍ പേമാരിയായി പെയ്ത ദുഃഖവെള്ളിയില്‍നിന്ന് കേരളം ഇനിയും മോചിതമായിട്ടില്ല. മൂന്നാര്‍ പെട്ടിമുടിയില്‍ മനുഷ്യര്‍ മണ്ണിനിടയില്‍പ്പെട്ടതിന്റെ നടുക്കം മാറുന്നതിന്റെ മുമ്പേയാണ് ഇരട്ടി ആഘാതമായി ഇന്നലെ മറ്റൊരു ദുരന്തവാര്‍ത്ത കരിപ്പൂരില്‍നിന്ന് എത്തിയത്. കേരളത്തിന്റെ മനസ് വിറങ്ങലിച്ച ദുരന്തം നടന്നിട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ലോകത്തിനു മുന്നിലുള്ളത് രക്ഷാപ്രവര്‍ത്തനത്തിന്റെ അപൂര്‍വ മാതൃക.
കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടുവെന്ന വിവരം ഇന്നലെ രാത്രി എട്ടരയോടെയാണു പുറത്തുവന്നത്. അനവധി പേര്‍ക്ക് പരുക്ക് എന്നതു മാത്രമായിരുന്നു ആദ്യ വിവരം. ഇരുട്ട് കനക്കുന്തോറും അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചുകൊണ്ടേയിരുന്നു. വിമാനം രണ്ടു കഷ്ണമായി മാറിയതായും പൈലറ്റുമാര്‍ ഉള്‍പ്പെടെ ഏതാനും ചിലര്‍ മരിച്ചതായും പിന്നീടുള്ള വിവരങ്ങള്‍. ഇതിനിടെ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനൊപ്പം മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരുന്നു. അര്‍ധരാത്രി കഴിയുമ്പോഴേക്കും മരണം 17. ഒടുവില്‍ ഇന്നു രാവിലെ മരണം പതിനെട്ടായെന്ന് ഔദ്യോഗിക സ്ഥിരീകരണം.
വൈകി എത്തി, ദുരന്തത്തിലേക്ക് ഓടിക്കയറി
10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരുമായാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ദുബായില്‍നിന്ന് എത്തിയത്. സഹപൈലറ്റ് അഖിലേഷും കുമാറും നാല് കാബിന്‍ ക്രൂവൂം പൈലറ്റ് ക്യാപറ്റന്‍ ദീപക് വസന്ത് പറത്തിയ വിമാനത്തിന്റെ ഭാഗമായിരുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനം അരമണിക്കൂറിലേറെ വൈകിയാണ് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടാം ശ്രമത്തിലാണ് ക്യാപ്റ്റന്‍ ഡിവി സാഥെയ്ക്കു ലാന്‍ഡിങിന് കഴിഞ്ഞത്. ഏഴരയോടെയായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെ പറയുന്നര്‍ന്ന് വലംവച്ച വിമാനം 7.50 ഓടെ ലാന്‍ഡ് ചെയ്യുകയായിരുന്നു.
ടേബിള്‍ ടോപ്പ് റണ്‍വേയുടെ പകുതി പിന്നിട്ട ശേഷമാണു വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ നിലംതൊട്ടത്. 25 മീറ്റര്‍ പിന്നിട്ടശേഷം മുന്‍ ചക്രവും നിലംതൊട്ടു. നിയന്ത്രണംവിട്ട വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കു വീണ് മതില്‍ ഇടിച്ചാണ് നിന്നത്. 35 അടി താഴ്ചയിലേക്കു കൂപ്പുകുത്തിയ വിമാനം രണ്ടായി പിളര്‍ന്നു. മുന്‍ഭാഗത്ത് എമര്‍ജന്‍സി വാതിലിനടുത്തുവച്ചാണ് വിമാനം പിളര്‍ന്നത്.
കോവിഡിനെ ഭയന്നില്ല, അവര്‍ ഓടിയെത്തി
അപകടം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കരിപ്പൂര്‍ വിമാനത്താവളം സാക്ഷ്യം വഹിച്ചത് സമാനകളില്ലാത്ത രക്ഷാപ്രവര്‍ത്തനം. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു. വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച അവര്‍ ആംബുലന്‍സ് എത്താന്‍ കാത്തുനിന്നില്ല. കിട്ടാവുന്ന വാഹനങ്ങളില്‍ യാത്രക്കാരെ ആശുപത്രികളിലെത്തിച്ചു. കനത്ത മഴയെയും കോവിഡ് ഭീതിയെയും വിമാനത്തിനു തീപിടിക്കുമോയെന്ന പേടിയെയും മറികടന്നായിരുന്നു നാട്ടുകാരുടെ ഇടപെടല്‍. ഇതുകാരണം രക്ഷാപ്രവര്‍ത്തനം ഒന്നര മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയായി.
വിമാനം രണ്ടായി മുറിഞ്ഞുകിടക്കുന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കണ്ടത്. പ്രദേശമാകെ അപകടത്തില്‍പ്പെട്ടവരുടെ നിലവിളിയില്‍ മുങ്ങിയിരുന്നു. യാത്രക്കാര്‍ കുടുങ്ങിക്കിടന്ന വിമാനഭാഗത്തായിരുന്നു യാത്രക്കാര്‍ ഏറെയും കുടുങ്ങിക്കിടന്നിരുന്നത്. ഈ ഭാഗത്തേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മതിലിനപ്പുറത്തേക്കു കടക്കണമായിരുന്നു. എന്നാല്‍ ഗേറ്റ് തുറക്കാനായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാനായില്ല. ഇത് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം അല്‍പ്പം വൈകിപ്പിച്ചു.
വിമാനത്താവളം സ്ഥിതിചെയ്യുന്ന കോണ്ടോട്ടി കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ കോവിഡ് ഭീതികാരണം ഗേറ്റ് തുറക്കാന്‍ സിഐഎസ്എഫ് ജവാന്മാര്‍ ആദ്യം തയാറയിരുന്നില്ല. നാട്ടുകാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഗേറ്റ് തുറന്നതോടെയാണു രക്ഷാപ്രവര്‍ത്തകര്‍ക്ക് വിമാനത്തിനടുത്തേക്കു കടക്കാനായതും രക്ഷാപ്രവര്‍ത്തനം സജീവമായതും. രക്ഷാപ്രവര്‍ത്തനത്തിനു ശേഷം നാട്ടുകാരും പരിസരപ്രദേശങ്ങളിലുള്ളവരും വിശ്രമിച്ചില്ല. പരുക്കേറ്റവര്‍ക്കു രക്തം നല്‍കാനായി അവര്‍ ബ്ലഡ് ബാങ്കിനു മുന്നില്‍ വരിനില്‍ക്കുന്നത് ലോകശ്രദ്ധ പിടിച്ചുപറ്റി.
മരണം 18, സാഥെ പരിചയ സമ്പന്നനായ പൈലറ്റ്
ദുരന്തത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡിവി സാഥെയും സഹപൈലറ്റും ഉള്‍പ്പെടെ 18 പേരാണു മരിച്ചത്. മരിച്ചരില്‍ ഏറെയും വിമാനത്തിന്റെ ഭാഗത്തുള്ളവരായിരുന്നു. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്.
വളരെ പരിചയ സമ്പന്നനായ വൈമാനികനായിരുന്നു ക്യാപ്റ്റന്‍ സാഥെ. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം വ്യോമസേനാ പൈലറ്റായി സേവനം അനുഷ്ഠിച്ചിരുന്നു. 1981-ല്‍ വ്യോമസേനയില്‍ കമ്മിഷന്‍ ചെയ്ത അദ്ദേഹം 2003-ലാണ് വിരമിച്ചത്.
യുദ്ധ വിമാനങ്ങള്‍ പറത്തിയിട്ടുള്ള അദ്ദേഹത്തിന് എയര്‍ ബസ് 310 പോലുള്ള വൈഡ് ബോഡി വിമാനങ്ങള്‍ പറത്തിയ പരിചയമുണ്ടായിരുന്നു. ഖടക് വാസലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്നു സ്വര്‍ണ മെഡലോടെ പാസായ അദ്ദേഹം പിന്നീട് ഡിണ്ടിഗലിലെ വ്യോമസേന അക്കാദമിയില്‍നിന്നു പൈലറ്റ് കോഴ്സ് പാസായി. അക്കാദമിയുടെ സോഡ് ഓഫ് ഓണര്‍ നേടിയിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്റെ ടെസ്റ്റ് പൈലറ്റായും സാഥെ പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് എന്ന് അറിയപ്പെടുന്ന നമ്പര്‍ 17 സ്‌ക്വാഡ്രണിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കോഴിക്കോട്ടേയ്ക്ക് എത്തിയ ആദ്യ വിമാനത്തിന്റെ വൈമാനികരില്‍ ഒരാളായിരുന്നു സാഥെയുടെ സഹ പൈലറ്റ് അഖിലേഷ് കുമാര്‍.
ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രവും കേരളവും
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്ക് സാരമല്ലാത്തവര്‍ക്ക് 50,000 രൂപയും നെല്‍കും. കരിപ്പൂരിലെത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്ക് പുറമേയാണിത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കരിപ്പൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തി. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സംഘം സന്ദര്‍ശിച്ചു.
കേരളം കണ്ട ഏറ്റവും വലിയ അപകടം
കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമാണ് കരിപ്പൂരിലുണ്ടായത്. 1996, ജൂലൈ 30ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയില്‍ തകര്‍ന്നു വീണ് എട്ടു പേര്‍ മരിച്ചതാണ് കേരത്തിന്റെ വ്യോമയാന ചരിത്രത്തിലെ അതുവരെയുണ്ടായിരുന്ന വലിയ അപകടം. ലക്ഷദ്വീപില്‍നിന്നു കൊച്ചി വഴി തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നത്. നേവല്‍ കംപോണനന്റ് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പിനു മുകളിലേക്കാണ് വിമാനം വീണത്. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം വര്‍ക്ക്‌ഷോപ്പിലെ രണ്ടു ജീവനക്കാരും മരിച്ചു.
ക്വാറന്റൈനില്‍ പോകാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു നിര്‍ദേശം
കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ രക്തദാനം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. വിമാനത്താവളം സ്ഥിതിചെയ്യുന്ന കോണ്ടൊട്ടിയില്‍ രോഗികളുടെ എണ്ണം കൂടുതലാണ്. ഇവിടെ കണ്ടെയ്ന്‍മെന്റ് സോണുമാണ്. ഇതിനൊപ്പം അപകടത്തില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ നില്‍ക്കണമെന്നും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ഡിജിസിഎ സംഘം കരിപ്പൂരില്‍
അപകട കാരണം കണ്ടെത്താനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിയോഗിച്ച സംഘം കരിപ്പൂരിലെത്തി. വിമാനം ലാന്‍ഡിങ് സമയത്ത് പൂര്‍ണ വേഗതയിലായിരുന്നുവെന്ന് ഡിജിസിഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനൊപ്പം പ്രത്യേക വിമാനത്തില്‍ ഇന്നു രാവിലെയാണു ഡിജിസിഎ സംഘമെത്തിയത്.
വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണത്തിനു കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, ടേബിള്‍ ടോപ്പ് റണ്‍വേയില്‍നിന്ന് മഴ മൂലം വിമാനം തെന്നി മാറിയതാണ് അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. മഴ മൂലം വിമാനം തെന്നിമാറി. റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിന്റെ പിന്‍ഭാഗം അപകടത്തില്‍ തകര്‍ന്നതിനാല്‍ ആ ഭാഗത്ത് ഇരുന്നവര്‍ക്കാണ് കൂടുതലായും പരുക്കേറ്റത്. വിമാനത്തിന്റെ എഞ്ചിന്‍ ഓഫാകാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ഇന്ധന ടാങ്ക് തകരാതിരുന്നത് കൂടുതല്‍ ആള അപായം ഒഴിവാക്കിയെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.
വീണ്ടും ചര്‍ച്ചയായി ടേബിള്‍ ടോപ്പ് റണ്‍വേ
10 വര്‍ഷം മുന്‍പ് മംഗളൂരു ബജ്‌പേ വിമാനത്താവളത്തില്‍ ദുരന്തമുണ്ടായപ്പോള്‍ കരിപ്പൂരിലെ ടേബിള്‍ ടോപ്പ് റണ്‍വേയെക്കുറിച്ച് സജീവ ചര്‍ച്ച നടന്നിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ചതിന് ഏതാണ്ട് സമാനമായിരുന്നു 2010 മേയ് 21നു മംഗളൂരുവിലെ ടേബിള്‍ ടോപ് റണ്‍വേയിലുണ്ടായ അപകടം.
അന്നും അപകടത്തില്‍പ്പെട്ടത് ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമായിരുന്നു. ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി മുന്നോട്ട് പോവുകയും ചിറകുകള്‍ കോണ്‍ക്രീറ്റ് ടവറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് വിമാനം കത്തിയമര്‍ന്ന് 158 പേര്‍ മരിച്ചു.
മംഗലാപുരം വിമാന അപകടത്തിന് ശേഷം ടേബിള്‍ ടോപ്പ് റണ്‍വേയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷ ചര്‍ച്ചയായിരുന്നു. കരിപ്പൂരില്‍ റണ്‍വേയിലുണ്ടായ വിള്ളല്‍ മൂലം അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം കുറച്ചിരുന്നു. റണ്‍വേ ബലപ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഏറെ മുറവിളികള്‍ക്കശേഷമാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.
കരിപ്പൂരില്‍ റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കണമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. എന്നാല്‍ സ്ഥലമെടുപ്പാണ് ഇതിനു പ്രധാന തടസമാകുന്നത്.
”റണ്‍വേ നീട്ടാനുള്ള ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രാദേശികമായി ധാരാളം എതിര്‍പ്പുകളുണ്ട്. പക്ഷേ അത് അനിവാര്യമാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു കാണുമെന്ന് വിശ്വസിക്കുന്നു,’ മുന്‍ ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ ഭരത് ഭൂഷണ്‍ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കരിപ്പൂരില്‍ സുരക്ഷാപ്രശ്‌നം നേരത്തെ ചൂണ്ടിക്കാണിച്ചതായി പൈലറ്റ്
രണ്ടു പൈലറ്റ്മാരുടെ ഉള്‍പ്പടെ 18 പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്ന കരിപ്പൂര്‍ വിമാനത്താവള റണ്‍വേയിലെ പാളിച്ചകള്‍ പല തവണ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെക്കുറിച്ച് അധികാരികളോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊരു പൈലറ്റ്. ഇന്‍ഡിഗോ എയര്‍ലൈന്‍ പൈലറ്റ് ആനന്ദ് മോഹന്‍ രാജാണ് ഇക്കാര്യം അപകടത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
”ഇപ്പോള്‍ ഇത് ചൂണ്ടിക്കാണിക്കാന്‍ പറ്റിയ സമയമല്ല, പക്ഷേ എനിക്ക് ഇത് പറയണം, എന്റെ വ്യോമയാന കരിയറില്‍ ഞാന്‍ നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ റണ്‍വേയാണ് കരിപ്പൂര്‍. റണ്‍വേ മാര്‍ഗനിര്‍ദേശം നല്‍കുന്ന ലൈറ്റിങ് സംവിധാനം വളരെ മോശമാണ്, റണ്‍വേ ബ്രേക്കിങ് അവസ്ഥ പതിവായി നിരീക്ഷിക്കുന്നില്ല,” ആനന്ദ് മോഹന്‍ രാജ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.