scorecardresearch
Latest News

കരിപ്പൂർ വിമാനാപകടം: ലഗേജുകള്‍ വീണ്ടെടുക്കാൻ ശ്രമമാരംഭിച്ചു; കരാർ വിദേശക്കമ്പനിക്ക്

235 ബാഗേജുകളാണു വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയയിലുണ്ടായിരുന്നത്. ഈ ഭാഗം വെട്ടിപ്പൊളിച്ചുവേണം ലഗേജുകള്‍ പുറത്തെടുക്കാൻ

കരിപ്പൂർ വിമാനാപകടം: ലഗേജുകള്‍ വീണ്ടെടുക്കാൻ ശ്രമമാരംഭിച്ചു; കരാർ വിദേശക്കമ്പനിക്ക്

കോഴിക്കോട്: കരിപ്പൂര്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ ലഗേജുകള്‍ വീണ്ടെടുത്ത് ഉടമകള്‍ക്കു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി യുഎസ് കമ്പനിയായ  കെന്യോണ്‍ ഇന്റര്‍നാഷണലിന്റെ സേവനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തേടിയിരിക്കുന്നത്.

ദുരന്തസമയങ്ങളില്‍ അടിയന്തിരവും സഹായ സേവനങ്ങളും നല്‍കുന്നതില്‍ രാജ്യാന്തര തലത്തില്‍ പരിചയസമ്പത്തുള്ള ഏജന്‍സിയാണ് കെന്യോണ്‍ ഇന്റര്‍നാഷണല്‍. വലിയ അപകടങ്ങളില്‍ നൂതന സാങ്കേതികവിദ്യയിലൂടെ ബാഗേജുകൾ തിരിച്ചറിയുന്നതിൽ ഏജന്‍സിക്കു പ്രത്യേക വൈദഗ്ധ്യമുണ്ട്. ഈ സേവനം നല്‍കുന്ന ലോകത്തെ ചുരുക്കം ചില ഏജന്‍സികളിലൊന്നാണിത്.

ബാഗേജുകള്‍ വീണ്ടെടുക്കാനായി കെന്യോണ്‍ ഇന്റര്‍നാഷണലുമായി തങ്ങളുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം കരാറിലെത്തിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. എയ്ഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യയുടെ സഹായത്തോടെയാണു കെന്യോണ്‍ ഇന്റര്‍നാഷണല്‍ ലഗേജുകള്‍ വേര്‍തിരിക്കുക. വിമാനാപകടങ്ങളെത്തുടര്‍ന്നുള്ള ദുരിതാശ്വാസ ഏകോപനത്തിനും പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ‘ഏഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ’ മുംബൈ കേന്ദ്രമായാണു പ്രവര്‍ത്തിക്കുന്നത്. അപകടം നടന്നയുടന്‍ ഏഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ സംഘം കരിപ്പൂരിലെത്തിയിരുന്നു.

Also Read: റണ്‍വേയില്‍നിന്നു തെന്നിവീണതല്ല, വീണ്ടും പറക്കാന്‍ ശ്രമിച്ച് വീഴുകയായിരുന്നു; വിമാനത്തിന്റെ അവസാനനിമിഷങ്ങള്‍ കണ്ട സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ 

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ഹാന്‍ഡ് ബാഗേജുകളും കാര്‍ഗോ ഹോൾഡിലെ ബാഗേജുകളും പ്രത്യേകമായിട്ടായിരിക്കും കെന്യോണ്‍ ഇന്റര്‍നാഷണൽ വീണ്ടെടുക്കുക. തുടര്‍ന്ന് ഇവ തരം തിരിച്ച് പട്ടിക തയാറാക്കി യാത്രക്കാര്‍ക്കു ലഭ്യമാക്കാനാണു ശ്രമിക്കുക.

235 ബാഗേജുകളാണു വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയയിലുണ്ടായിരുന്നത്. ഈ ഭാഗം അപകടത്തെത്തുടര്‍ന്ന് മണ്ണില്‍ പൂണ്ട് കിടക്കുകയാണ്. ഇവിടം വെട്ടിപ്പൊളിച്ചുവേണം ലഗേജുകള്‍ പുറത്തെടുക്കാന്‍. ഇതിനാവശ്യമായ ഉപകരണങ്ങള്‍ കെന്യോണ്‍ ഇന്റര്‍നാഷണൽ കഴിഞ്ഞദിവസം വിമാനത്തില്‍ കരിപ്പൂരിലെത്തിച്ചിരുന്നു.

അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നതിനാല്‍ കാര്‍ഗോ ഭാഗത്തെ ലഗേജുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ വീണ്ടെടുത്തശേഷം തരംതിരിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കും. യാത്രക്കാർ ദുബായിൽ ചെക്ക് ഇന്‍ ചെയ്ത സമയത്ത് ലഭിച്ച വിവരങ്ങളും അവരില്‍നിന്ന് ഇനി ശേഖരിക്കുന്ന വിവരങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലാവും ബാഗേജുകള്‍ വേര്‍തിരിക്കുക.

Also Read: ‘യാത്ര പറയാൻ അവൻ എത്തിയിരുന്നു, പാവപ്പെട്ടവർക്ക് ഭക്ഷണം നൽകണമെന്ന് പറഞ്ഞ് ഒരു സംഖ്യ ഏൽപ്പിച്ചു’

ഹാൻഡ് ബാഗേജുകൾ അപകടസ്ഥലത്ത് ചിതറിക്കിടക്കുകയായിരുന്നു. ഇവ അവിടെതന്നെ ശേഖരിച്ച്, മഴയിൽനിന്നു സംരക്ഷിക്കാനായി ടാർ പോളിൻ കൊണ്ട് മൂടിയിരിക്കുകയാണ്. ഒരു വിമാനം അപകടത്തില്‍പ്പെട്ടുകഴിഞ്ഞാല്‍ അതിലെ ബാഗേജുകള്‍ അന്വേഷണ ഏജന്‍സിയുടെ അനുമതി കിട്ടിക്കഴിഞ്ഞാല്‍ മാത്രമേ കൈാര്യം ചെയ്യാന്‍ കഴിയൂ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യാണ് കരിപ്പൂര്‍ അപകടം അന്വേഷിക്കുന്നത്. എഎഐബിയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഹാന്‍ഡ് ബാഗേജുകളും ചിതറിപ്പോയ വസ്തുക്കളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ശേഖരിച്ചുവച്ചത്.

ഹാന്‍ഡ് ബാഗേജുകളുടെ കാര്യത്തില്‍ വിലപിടിപ്പുള്ള വസ്തുക്കളുടെ ചെക്ക് ഇന്‍ സമയത്തെ വിവരങ്ങള്‍ ഉണ്ടാവുമെങ്കിലും മറ്റെന്തൊക്കെയാണു ബാഗില്‍ ഉണ്ടാവുകയെന്നത് വിമാനക്കമ്പനിക്ക് വലിയ ധാരണയുണ്ടാവില്ല. അതിനാല്‍ ചിതറിക്കിടക്കുന്ന വസ്തുക്കള്‍ ആരുടേതൊക്കെയാണെന്നു കണ്ടെത്തുക സങ്കീര്‍ണമായ പ്രക്രിയയാണ്. ബാഗേജുകള്‍ കണ്ടെത്തി തരംതിരിക്കുന്നതില്‍ കെന്യോൺ  ഇന്റര്‍നാഷണലിനു പ്രത്യേക സംവിധാനവും രീതിയുമുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ പറഞ്ഞു.

ബാഗേജുകള്‍ വീണ്ടെടുത്ത് തരംതിരിച്ച് കസ്റ്റംസിന്റെ അനുമതിയോടെ നിര്‍ദിഷ്ട സ്ഥലത്ത് സൂക്ഷിക്കും. തുടര്‍ന്ന്, അപകടത്തില്‍നിന്നു രക്ഷപ്പെട്ടവരെയും മരിച്ചവരുടെ ബന്ധുക്കളെയും പ്രത്യേക സമയങ്ങളില്‍ വിളിച്ചുവരുത്തി ബാഗേജുകള്‍ തിരിച്ചറിഞ്ഞശേഷമാണു കൈമാറുക. നിലവില്‍ പരുക്കേറ്റവരുടെയും മരിച്ചവരുടെ ഉറ്റ ബന്ധുക്കളുടെയും ഫോണ്‍ നമ്പറുകള്‍ വിമാനക്കമ്പനി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ബാഗേജുകള്‍ നഷ്ടപ്പെട്ടവര്‍ക്കു നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കും.

Also Read: ഈ കാരുണ്യത്തിനും മനുഷ്യത്വത്തിനും മുന്നിൽ ഞങ്ങൾ എഴുന്നേറ്റ് നിൽക്കുന്നു: നന്ദി പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്സ്

അപകടത്തില്‍ പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും സഹായം ഉറപ്പുവരുത്തുന്നതിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ദക്ഷിണമേഖലാ മേധാവിയും കോഴിക്കോട്ടുണ്ട്. പരുക്കേറ്റവര്‍ കോഴിക്കോട്ടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ക്ക് എത്ര ഉയർന്ന തുകയ്ക്കുള്ള ചികിത്സ ആവശ്യമായാലും നൽകണമെന്നും ബില്‍ കമ്പനിക്കു നല്‍കാനുമാണ് ആശുപത്രികളോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ടിരിപ്പുകാരുടെ ചെലവും കമ്പനി വഹിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും എയ്ഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ സംഘവും ചികിത്സാ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. പരുക്കേറ്റ യാത്രക്കാരില്‍ 74 പേരെയാണ് ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kozhikode air india express plane crash us firm to handle baggage recovery