തിരുവനന്തപുരം: കോഴിക്കോടുനിന്ന് ദമാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 385 വിമാനമാണു രണ്ടര മണിക്കൂറിനൊടുവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.
ആദ്യം 11.03 നായിരുന്നു ലാൻഡിങ് തീരുമാനിച്ചിരുന്നത്. എന്നാൽ അതിന് കഴിഞ്ഞില്ല. പിന്നീട് 12.15 ന് ലാൻഡിങ് നിശ്ചയിക്കുകയും വിജയകരമായി ഇറക്കുകയുമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിനു സമീപപ്രദേശത്ത് ആകാശത്ത് വട്ടമിട്ട് പറന്ന് ലാന്‍ഡിങ്ങിനു വേണ്ടതൊഴിച്ച് ബാക്കി ഇന്ധനം ഒഴുക്കിക്കളഞ്ഞ ശേഷമായിരുന്നു ലാൻഡിങ്.
വിമാനത്തിൽ 183 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം കരിപ്പൂർ വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനിടെ പിൻഭാഗം റൺവേയിൽ ഉരസിയിരുന്നു. ഇതേത്തുടർന്ന് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ സംശയിച്ചാണു തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയത്.