കോഴിക്കോട്: തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടികളടക്കം ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. താമരശേരിയിലാണ് സംഭവം. തച്ചംപൊയില്‍, അവേലം, വാപ്പനാംപൊയില്‍, ചാലക്കര കെടവൂര്‍ പ്രദേശങ്ങളിലാണ് തെരുവ് നായകൾ ജനജീവിതം മുൾമുനയിലാക്കിയത്.

കോരങ്ങാട് വാപ്പനാംപൊയില്‍ സ്വദേശികളായ കാര്‍ത്തി(51), ഷിനു, കെടവൂര്‍ പൂതര്‍പൊയില്‍ സുഭാഷിന്റെ ഭാര്യ സുജല, മകള്‍ ദേവനന്ദന(10), നടുക്കണ്ടിയില്‍ രാധാകൃഷ്ണന്‍(62), തച്ചംപൊയില്‍ ചാലക്കര സ്വദേശികളായ സുബൈദ(40), അഫ്‌നാന്‍(12), വിശാഖ്(3), പൂനൂര്‍ അവേലം പള്ളിത്താഴത്ത് ഹബീബ്(26) എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാർ ഒന്നടങ്കം നടത്തിയ തിരച്ചിലിൽ കോരങ്ങാട് വാപ്പനാംപൊയിലിൽ പട്ടിയെ കണ്ടെത്തി. ആൾക്കൂട്ടം പിന്നീട് പട്ടിയെ തല്ലിക്കൊന്നു.

കണ്ണിൽകാണുന്നവരെയെല്ലാം ആക്രമിക്കുന്ന നായ പെട്ടെന്ന് അപ്രത്യക്ഷമായി മറ്റൊരിടത്ത് ആക്രമണം നടത്തുകയായിരുന്നു. പ്രദേശത്ത് ജനങ്ങൾ പുറത്തിറങ്ങാൻ പോലും മടിക്കുന്ന സാഹചര്യമാണ്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാമ്.

അമ്മ സുജലക്കൊപ്പം നടന്നു പോകുമ്പോഴാണ് ദേവനന്ദനയെ നായ കടിച്ചത്. മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സുജലയ്ക്കും പരിക്കേറ്റു. രാധാകൃഷ്ണനും വീട്ടിലെ പശുക്കുട്ടിക്കും പരിക്കേറ്റു. പൂച്ചകളെ പോലും നായ വെറുതെ വിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.