കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നായി ഇസ്‌മയിൽ എന്നയാളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്ത കേസിൽ പ്രതി പിടിയിൽ. മുക്കം സ്വദേശി ബുർജുവാണ് പിടിയിലായത്. മറ്റൊരു കൊലപാതക വിവരം പുറത്തു പറയാതിരിക്കാനാണ് ഇയാൾ ഇസ്‌മയിലിനെ കൊലപ്പെടുത്തിയത്. ഇരുവരും ചേർന്ന് 2016 ൽ ബുർജുവിന്റെ അമ്മയെ കൊലപ്പെടുത്തിയിരുന്നു. സ്വത്തുക്കൾ കൈക്കലാക്കാനാണ് ബുർജു ഇസ്‌മയിലിന്റെ സഹായത്തോടെ അമ്മയെ കൊന്നത്.

ഇസ്‌മയിലിന് 10 ലക്ഷം രൂപ നൽകാമെന്ന് ഇയാൾ വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ പണം നൽകാതായതോടെ കൊലപാതക വിവരം പുറത്തുപറയുമെന്ന് ഇസ്‌മയിൽ ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് ഇയാൾ ഇസ്‌മയിലിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. മദ്യം നൽകി മയക്കി കിടത്തിയശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ശരീര ഭാഗങ്ങൾ കീറിമുറിച്ചശേഷം ചാക്കിൽ കെട്ടി വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

Read Also: ഗവർണർ റബർ സ്റ്റാമ്പല്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആരിഫ് മുഹമ്മദ് ഖാൻ

2017 ജൂണിൽ കോഴിക്കോട് കടപ്പുറത്തുനിന്ന് വലതുകൈ കണ്ടെടുത്തു. നാലു ദിവസം കഴിഞ്ഞപ്പോൾ ആ സ്ഥലത്തുനിന്നു ഇടതുകൈ കിട്ടി. രണ്ടു സംഭവത്തിലും ബേപ്പൂർ പൊലീസ് കേസെടുത്തു. 5 ദിവസം കഴിഞ്ഞമ്പോൾ ഇവിടെനിന്നും 55 കിലോമീറ്റർ അകലെ കോഴികളുടെ അവശിഷ്ടങ്ങൾ ഇടുന്ന സ്ഥലത്ത് ചാക്കിൽ ശരീരത്തിന്റെ മധ്യഭാഗം മാത്രം കിട്ടി. 5 മാസങ്ങൾക്കുശേഷം കോഴിക്കോട് കടപ്പുറത്ത് കുട്ടികൾ ഫുട്ബോൾ കളിക്കുമ്പോൾ തലയോട്ടി കിട്ടി. ഡിഎൻഎ പരിശോധിച്ചപ്പോൾ കണ്ടെടുത്ത ശരീര അവശിഷ്ടങ്ങളെല്ലാം ഒരാളുടേതാണെന്ന് കണ്ടെത്തി.

2018 ലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ഫിംഗർ പ്രിന്റ് പരിശോധനയിൽനിന്നും മരിച്ച വ്യക്തി നാലോളം കേസുകളിൽ പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇസ്മയിലും ബുർജുവും ചേർന്ന് നടത്തിയ കൊലപാതക വിവരം തെളിയുകയും പ്രതിയെ തമിഴ്നാട്ടിലെ നീലഗിരിയിൽനിന്നും പിടികൂടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.