കൽപറ്റ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ അതീവ ജാഗ്രത. ചെന്നെെയിലെ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത്.

ഇന്നലെ വയനാട് ജില്ലയിൽ രണ്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയിൽ ചികില്‍സയിലാണ്. ഇതോടെ ഡ്രൈവറിൽ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം പത്തായി.കോയമ്പേട് മാർക്കറ്റിൽ മാനേജർ ആയിരുന്ന ചീരാൽ സ്വദേശിയായ യുവാവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read Also: കാൽനടയായി നാട്ടിലേക്കു പോകുകയായിരുന്ന തൊഴിലാളികളെ ബസ് ഇടിച്ചു തെറിപ്പിച്ചു; ആറ് മരണം

കോയമ്പേട് മാർക്കറ്റിലെ ട്രക്ക് ഡ്രെെവർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വയനാട് സ്വദേശിയാണ്. മാർക്കറ്റിൽ പോയിവന്ന ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയിൽ ജാഗ്രത വർധിപ്പിച്ചിരുന്നു. ട്രക്ക് ഡ്രെെവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരേയും നിരീക്ഷണത്തിൽ കൊണ്ടുവന്നിരുന്നു. അതിനാൽ തന്നെ വലിയ തോതിൽ രോഗവ്യാപനം ഉണ്ടാകില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. നിലവിൽ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തമിഴ്‌നാടും കോയമ്പേട് മാർക്കറ്റും

തബ്‌ലീഗ് സമ്മേളനം മൂലമുണ്ടായ പ്രതിസന്ധിയേക്കാൾ വലുതാണ് തമിഴ്‌നാട്ടിൽ കോയമ്പേട് മാർക്കറ്റ് മൂലം ഉണ്ടായത്. തമിഴ്നാട്ടിലെ വുഹാൻ എന്നാണ് കോയമ്പേടിനെ വിശേഷിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ഇതുവരെ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട് 3,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതായത് സംസ്ഥാനത്തെ ആകെ രോഗബാധയുടെ 35 ശതമാനവും കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടതാണ്.

ഏപ്രിൽ 27 നാണ് തമിഴ്‌നാട്ടിൽ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. കോയമ്പേട് മാർക്കറ്റിനു തൊട്ടടുത്ത് ബാർബർഷാപ്പ് നടത്തുന്ന യുവാവിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന കാഴ്‌ചയാണ് കണ്ടത്. കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലും കോവിഡ് ബാധിതരുണ്ട്.

Read Also: കൊറോണ വെെറസ് ഉത്ഭവിച്ചത് ഒരു ലാബിൽ നിന്ന്, സ്വാഭാവികമായി ഉണ്ടായതല്ല: നിതിൻ ഗഡ്‌കരി

3100 മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങളാണ് കോയമ്പേട് മാർക്കറ്റിൽ ഉള്ളത്. ഏകദേശം പതിനായിരത്തിലേറെ തൊഴിലാളികൾ മാർക്കറ്റിലുണ്ട്. ചെന്നൈയിൽ സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു തലേ ദിവസം (ഏപ്രിൽ 25) , ഒരു ലക്ഷത്തോളം പേരാണു മാർക്കറ്റിലെത്തിയത്.

പൊലീസ് ഉദ്യോഗസ്ഥരുടെ കോവിഡ് ബാധ

മാനന്തവാടി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. വയനാട് ജില്ലയിലെ 50 പൊലീസ് ഉദ്യോഗസ്ഥർ ഇതിനോടകം ക്വാറന്റെെനിലേക്ക് പ്രവേശിച്ചു. വയനാട് എസ്‌പിയും ക്വാറന്റെെനിലാണ്. മുൻകരുതൽ എന്നവിധമാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെല്ലാം ക്വാറന്റെെനിൽ പ്രവേശിച്ചത്. ഡിവെെഎസ്‌പി അടക്കമുള്ളവരുടെ കാവിഡ് പരിശോധനാഫലം ഇന്നു ലഭിക്കും. മാനന്തവാടി പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ആർക്കും പൊലീസ് സ്റ്റേഷനിലേക്ക് പ്രവേശനമില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ സ്ഥിതി സങ്കീർണമായിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook