തിരുവനന്തപുരം: കവടിയാറിൽ 20 കാരന്റെ ജീവനെടുത്ത അപകടം മൽസരയോട്ടം മൂലം. കാറുകൾ തമ്മിൽ നടത്തിയ മത്സരയോട്ടത്തിലാണ് അത്യാഹിതം സംഭവിച്ചതെന്ന് പൊലീസ് സൂചന നൽകിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മൽസരയോട്ടം നടത്തിയ കാറുകളുടെ ദൃശ്യങ്ങൾ മാതൃഭൂമി ഓൺലൈനാണ് പുറത്തുവിട്ടത്. വെള്ളയമ്പലത്തിന് സമീപം ഇരു കാറുകളും മറ്റൊരു വാഹനത്തെ ഇടതു വശത്തുകൂടി ഓവര്‍ടേക് ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെ രാജ്ഭവനു മുന്നിലായിരുന്നു അപകടം. വെള്ളയമ്പലം ഭാഗത്തു നിന്ന് കവടിയാറിലേയ്ക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ തലകീഴായി മറഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും കാർ തുറക്കാൻ പോലും സാധിച്ചില്ല. ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.

എസ്‌പി ഗ്രൂപ്പ് ഉടമകളില്‍ ഒരാളായ പെരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് (20) ആണ് മരിച്ചത്. ആദർശാണ് കാറോടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികള്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്. അപകടം നടക്കുമ്പോൾ കാറിൽ മരണമടഞ്ഞ ആദർശും മൂന്നും പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ വ്യവസായ പ്രമുഖരുടെ മക്കളാണ്.

ന്യൂ തിയറ്റർ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകൾ തൈക്കാട് ഇവി റോഡ് ഗ്രീൻ സ്ക്വയർ ബീക്കൺ ഫ്ലാറ്റിൽ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), അനന്യ (24), എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ എസ്‌യുടി ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ശിൽപയെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ ഓട്ടോ ഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

വെള്ളയമ്പലം കവടിയാർ റോഡിൽ അമിത വേഗവും മത്സരയോട്ടവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി പരാതികളുന്നയിച്ചിട്ടും നടപടിയില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ