തിരുവനന്തപുരം: എൻസിപിയുമായി ലയന ചർച്ച നടത്തിയതായി തുറന്ന് സമ്മതിച്ച് കോവൂർ കുഞ്ഞുമോൻ എംഎൽഎ. മന്ത്രിസ്ഥാനം ചോദിച്ചിരുന്നെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് എൻസിപി സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.

“ലയിക്കുമ്പോള്‍ പരസ്പര വിശ്വാസമുണ്ടാകണം. കൂടുതൽ ചർച്ചകളൊന്നും നടന്നിട്ടില്ല. ഒരു പാര്‍ട്ടിയോടും എതിര്‍പ്പില്ല”, കോവൂർ കുഞ്ഞുമോൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആർ‌എസ്‌പി ഇടതുമുന്നണി വിട്ടപ്പോൾ ആർഎസ്‌പി ലെനിനിസ്റ്റ് രൂപീകരിച്ച് ഇടതുമുന്നണിയിൽ തന്നെ നിന്ന നേതാവാണ് കോവൂർ കുഞ്ഞുമോൻ. മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയിലെ മൂന്ന് എംഎൽഎമാർ എൻസിപിയിൽ ലയിക്കാൻ വഴികൾ തേടിയതായി കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്. എൻസിപിയുടെ രണ്ട് എംഎൽഎമാരും മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലായിരുന്നു ഈ നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ