തിരുവനന്തപുരം: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് ലോകത്തിന്റെ പല ഭാഗത്ത് നിന്നും സഹായങ്ങൾ എത്തുന്നുണ്ട്. ഇത്തരത്തിൽ കേരളത്തെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് കോവളത്ത് കൊല്ലപ്പെട്ട ലാത്‌വിയ സ്വദേശിനിയുടെ സഹോദരി. പ്രാർത്ഥനകളിലും ഓർമ്മകളിലും മലയാളികൾ എന്നുമുണ്ടെന്ന് പറഞ്ഞ ഇലിസ് സർക്കോണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇലിസിന്റെ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
“പ്രിയപ്പെട്ട കേരളീയരെ, ഞാൻ ഈ വീഡിയോ ഇടാൻ കാരണം ഞാൻ നിങ്ങളെ മറന്നട്ടില്ല എന്ന് ബോധ്യപ്പെടുത്തനാണ്. നിങ്ങൾ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കുന്നു. എന്റെ പ്രാർത്ഥനകളിലും ചിന്തകളിലും നിങ്ങളുണ്ട്. നിങ്ങൾക്ക് ഈ പ്രതിസന്ധികളെ മറികടക്കാമെന്നും ഉറച്ച് വിശ്വസിക്കുന്നു. കടലിനിക്കരെ നിന്ന് എന്റെ എല്ലാ സ്നേഹവും ഞാൻ നിങ്ങളെ അറിയിക്കുന്നു.കരുത്തരായിരിക്കുക,” ഇലിസാ വീഡിയോയിലൂടെ പറഞ്ഞു.
സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇലിസയുടെ വീഡിയോ പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകുമെന്നും ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ് അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: വിദേശ വനിതയുടെ മരണം; സർക്കാർ സഹായങ്ങൾക്ക്, മുഖ്യമന്ത്രിയെ കണ്ട് സഹോദരി നന്ദി പറഞ്ഞു
കഴിഞ്ഞ വർഷം മാർച്ച് 11 നാണ് വിദേശ വനിതയെ പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോർട്ടില്‍നിന്ന് കാണാതാവുന്നത്. അന്നേ ദിവസം ഓട്ടോറിക്ഷയിൽ കോവളത്തെ ഗ്രോവ് ബീച്ചിലെത്തി. ബോട്ടിങ് നടത്താമെന്നും കഞ്ചാവ് നൽകാമെന്നും പറഞ്ഞ് സ്വദേശികളായ യുവക്കാൾ ഇവരെ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ എത്തിക്കുകയും കഞ്ചാവ് നൽകിയശേഷം ബലാൽസംഗം ചെയ്യുകയായിരുന്നു. പ്രതികളെ പിന്നീട് പൊലീസ് പിടികൂടി.