തിരുവനന്തപുരം: മദ്യവുമായി പോയ വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഗ്രേഡ് എസ്ഐ ടി.കെ ഷാജി മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
പുതുവർഷ തലേന്ന് കോവളം തീരത്തേക്ക് മദ്യം കൊണ്ടു പോകരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. അതുപ്രകാരമുള്ള നടപടി ക്രമങ്ങൾ മാത്രമാണ് സ്വീകരിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
വിദേശിയോട് മോശമായി സംസാരിക്കുയോ മദ്യം കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ബില്ലുമായി വരാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം രണ്ടു കുപ്പികളിലെ മദ്യം ഒഴുകി കളയുകയും മറ്റൊരു കുപ്പിയുമായി പോവുകയുമായിരുന്നു. കോവളത്ത് റൂം ബുക്ക് ചെയ്തിരുന്നവർ ബില്ലുള്ള മദ്യവുമായി എത്തിയപ്പോൾ കടത്തി വിട്ടിരുന്നുവെന്നും ശരിയായ രീതിയിൽ അന്വേഷണം നടത്തി ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് വധശിക്ഷ വാങ്ങി കൊടുത്ത ഉദ്യോഗസ്ഥനാണ് താനെന്നും എസ്ഐ പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കോവളം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ അനീഷ്, സിപിഒമാരായ സജിത്ത്, മനീഷ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സംഭവം വിവാദമായതോടെ ഇന്നലെയാണ് ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മുഖ്യമന്ത്രി സംഭവത്തിൽ റിപ്പോർട്ട് തേടിയിരുന്നു.
കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനാണ് (68) പൊലീസിന്റെ ഭാഗത്തുനിന്നും മോശം അനുഭവമുണ്ടായത്. പുതുവർഷാഘോഷത്തിന് മദ്യവുമായി പോയ സ്റ്റീഫനെ പൊലീസ് തടയുകയായിരുന്നു. സ്റ്റീഫന്‍റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫൻ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല.
തുടര്‍ന്ന് സ്റ്റീഫന്‍ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍നിന്ന് രണ്ടു കുപ്പിയെടുത്ത് മദ്യം പുറത്തേക്ക് ഒഴുക്കി കളഞ്ഞു. നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. വിനോദ സഞ്ചാരികളോടുള്ള പൊലീസിന്റെ മോശം പെരുമാറ്റത്തിൽ വ്യാപക വിമര്‍ശനമാണ് ഉയർന്നത്.
സംഭവം ഇന്നലെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, പൊലീസിന്റെ ഇത്തരത്തിലുള്ള സമീപനം ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകുമെന്ന് പറഞ്ഞിരുന്നു. അതേസമയം, സ്വീഡിഷ് പൗരനെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ച മന്ത്രി ശിവൻ കുട്ടി കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസിനെയാകെ വിമർശിക്കരുതെന്നും പറഞ്ഞു.
Also Read: കോവളത്ത് മദ്യവുമായെത്തിയ വിദേശിയെ തടഞ്ഞ സംഭവം; പൊലീസിനെതിരെ ടൂറിസം മന്ത്രി