തിരുവനന്തപുരം: കോവളം കൊട്ടാരം സർക്കാരിൽ നിലനിര്‍ത്തുന്നതിനായി എത്രയും പെട്ടെന്ന് സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. 2002 ജനുവരിയില്‍, അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍, തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും എംഫാര്‍ എന്ന സ്വകാര്യ കമ്പനിക്ക് ചുളുവിലയ്ക്ക് വില്‍ക്കുകയായിരുന്നു. ഇതിനെതിരെ താന്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിക്ക് കത്ത് നല്‍കിയെങ്കിലും ബിജെപി സര്‍ക്കാര്‍ കച്ചവടത്തില്‍നിന്ന് പിന്തിരിഞ്ഞില്ല.

സ്വകാര്യ കമ്പനി കൂടുതല്‍ സ്ഥലം കയ്യേറുന്ന സാഹചര്യമുണ്ടായപ്പോള്‍ താന്‍ നേരിട്ട് കോവളം സന്ദര്‍ശിച്ച് അക്കാര്യം നിരീക്ഷിക്കുകയുണ്ടായി. 2004 ജൂണ്‍ മുതല്‍ നാല് മാസക്കാലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനൊടുവില്‍, അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും എംഫാര്‍ ഗ്രൂപ്പില്‍നിന്ന് ഏറ്റെടുക്കുകയാണുണ്ടായത്. കൊട്ടാരത്തിനു മേല്‍ അവകാശം പ്രഖ്യാപിക്കാതെ ഇത്തരത്തത്തില്‍ ഏറ്റെടുക്കുന്നത് സ്വകാര്യ കമ്പനിയെ രക്ഷിക്കാനാണെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച വിധിന്യായങ്ങളിലൂടെ അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. സ്വകാര്യ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ ആരും ഹാജരാവാത്ത സാഹചര്യംപോലും അക്കാലത്തുണ്ടായി.

കൊട്ടാരം ഏറ്റെടുത്ത നടപടി തെറ്റാണെന്ന് ഹൈക്കോടതിയും, ഇപ്പോള്‍ സുപ്രീംകോടതിയും വിധിച്ച സാഹചര്യത്തില്‍, കൊട്ടാരം പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്താന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സ്വീകരിച്ച് എത്രയം പെട്ടെന്ന് സിവില്‍ കേസ് ഫയല്‍ ചെയ്യണം. യുഡിഎഫ് ചെയ്തതുപോലെ തീരുമാനങ്ങള്‍ വച്ചുതാമസിപ്പിച്ചാല്‍ അത് സ്വകാര്യ മുതലാളിമാര്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാനിട വരുത്തുമെന്ന് വിഎസ് പറഞ്ഞു.

കോവളം കൊട്ടാരം പൊതു ഉടമസ്ഥതയിൽ നിലനിർത്താൻ സിവിൽ കേസ് ഫയൽ ചെയ്യണമെന്ന് ഏതാനും ദിവസം മുമ്പ് അഡ്വക്കറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. കൂടുതൽ നിയമനടപടികൾക്ക് സാധ്യതയില്ലാത്തിനാൽ കൊട്ടാരം സ്വകാര്യ ഹോട്ടൽ ഉടമകൾക്ക് വിട്ടുകൊടുക്കണമെന്ന നിയമസെക്രട്ടറിയുടെ ഉപദേശം തളളിക്കൊണ്ടാണ് എജിയുടെ നിയമോപദേശം എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂപിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.