തിരുവനന്തപുരം: വിവാദമായ കോവളം കൊട്ടാരം വിഷയത്തിൽ അറ്റോണി ജനറൽ മുകുൾ റോത്തഗിയിൽ നിന്ന് നിയമോപദേശം തേടിയ സർക്കാർ നടപടി തെറ്റാണെന്ന് വി.എസ്.അച്യുതാനന്ദൻ. കേസിൽ ഹോട്ടലുടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് അറ്റോർണി ജനറലായ മുകുൾ റോത്തഗിയെന്നും, കൊട്ടാരം സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തുകയാണ് വേണ്ടതെന്നും വി.എസ്.ആവശ്യപ്പെട്ടു.

ഇതേ ആവശ്യവുമായി മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം.സുധീരനും രംഗത്ത് വന്നിട്ടുണ്ട്. കൊട്ടാരം സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തണമെന്ന ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും കത്തയച്ചു. കൊട്ടാരം സർക്കാർ ഉടമസ്ഥതയിൽ നിലനിർത്താൻ സിവിൽ കേസ് ഫയൽ ചെയ്യണമെന്ന് അഡ്വക്കേറ്റ് ജനറൽ നേരത്തേ സർക്കാരിനോട് വ്യക്തമാക്കിയിരുന്നു.

ഉടമസ്ഥാവകാശം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വീണ്ടും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയതായാണ് വിവരം. കൊട്ടാരം ഹോട്ടലുടമകള്‍ക്ക് വിട്ടുകൊടുക്കണമെന്ന് അറ്റോണി ജനറൽ മുകുൾ റോത്തഗി നിർദ്ദേശിച്ച പശ്ചാത്തലത്തിൽ സർക്കാരിന് വ്യക്തമായ നിലപാടെടുക്കാൻ സാധിച്ചിട്ടില്ല.

കൊട്ടാരം ഹോട്ടലുടമകള്‍ക്ക് നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവ് അടിസ്ഥാനത്തില്‍ ടൂറിസം വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ റവന്യു വകുപ്പ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയപ്പോഴാണ് സിവിൽ കേസ് ഫയൽ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞത്. പൈതൃക സ്മാരകമാണ് കൊട്ടാരം എന്ന് കാട്ടി സർക്കാരിന് ഉടമസ്ഥാവകാശം നേടിയെടുക്കാമെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം.

എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അറ്റോണി ജനറിലിന്റെ ഉപദേശം തേടി. കേസ് നടത്തിയാൽ വിജയിക്കില്ലെന്നും, നിയമത്തർക്കം ഉണ്ടാക്കിയാൽ കേസ് വലിച്ചുനീട്ടാമെന്നല്ലാതെ ഗുണമില്ലെന്നും അറ്റോണി ജനറൽ പറഞ്ഞു. അതേസമയം കേന്ദ്രസർക്കാരിനെ എതിർകക്ഷിയാക്കി സംസ്ഥാനത്തിന് സിവിൽ കേസ് ഫയൽ ചെയ്യുന്നതിൽ തടസ്സങ്ങളുണ്ട്.

ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി 2002 ലാണ് കോവളം കൊട്ടാരം കേന്ദ്രസർക്കാർ വിൽപ്പനയ്ക്ക് വച്ചത്. ആദ്യം ഗൾഫാർ ഗ്രൂപ്പും പിന്നീട് ലീലാ ഗ്രൂപ്പും ഹോട്ടൽ വാങ്ങി. ലീലാ ഗ്രൂപ്പിൽ നിന്ന് രവി പിള്ളയാണ് കൊട്ടാരം സ്വന്തമാക്കിയത്. രണ്ട് വന്റഷത്തിനിടെ മൂന്ന് തവണ കൈമാറ്റം ചെയ്യപ്പെട്ട ഹോട്ടൽ 2004 ൽ കേരള സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഏറ്റെടുത്തു.

2005ൽ ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും സംസ്ഥാന സർക്കാരിന്റെ ഉത്തരവ് തെറ്റാണെന്ന് വിധിച്ചു. ഭരണപരമായ ഉത്തരവ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതികൾ, കൊട്ടാരം ഹോട്ടലുടമകൾക്ക് തിരികെ നൽകാൻ വിധിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ