തിരുവനന്തപുരം: പീഡനശ്രമമെന്ന ആരോപണമുയർത്തി വീട്ടമ്മ ആത്മഹത്യയ്ക്ക് ഒരുങ്ങിയ സംഭവത്തിൽ കോവളം എംഎൽഎ വിൻസന്റ് രാജിവച്ചേക്കും. വീട്ടമ്മയുടെ വൈദ്യപരിശോധന ഫലത്തിൽ പീഡനം നടന്നതായി കണ്ടെത്തിയാൽ എംഎൽഎയുടെ അറസ്റ്റും വേഗത്തിൽ ഉണ്ടായേക്കും.

വീട്ടമ്മയും സഹോദരനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എംഎൽഎയുടെ നില കൂടുതൽ പരുങ്ങലിലായി. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ രാജിയിലേക്ക് നീങ്ങുന്നത്. വൈദ്യപരിശോധനയിൽ പീഡിപ്പിക്കപ്പെട്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് ചെയ്യും മുൻപ് മാന്യമായി സ്ഥാനം രാജിവച്ചൊഴിയാനാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

അയൽവാസിയായ വീട്ടമ്മയെ എംഎൽഎ സ്ഥിരമായി ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നതായും മാനസികവും ശാരീരികമായും പീഡിപ്പിച്ചതായും ആരോപിച്ചാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പീഡനശ്രമവും ആത്മഹത്യാ പ്രേരണാ കുറ്റവും എംഎൽഎ യ്ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. വീട്ടമ്മയുടെ മൊഴിയിലാണ് വകുപ്പുകൾ ചാർത്തിയത്.

സംഭവം പുറത്തുവന്നതിന് പിന്നാലെ വീട്ടമ്മയുടെ സഹോദരനെ ഫോണിൽ ബന്ധപ്പെട്ട് പ്രശ്നം ഒതുക്കിത്തീർക്കാൻ വിൻസന്റ് എംഎൽഎ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎ യുടെ രാജിയിലേക്ക് തന്നെ കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്.

അതേസമയം കേസിൽ വിൻസന്റിന്റെ പങ്ക് വ്യക്തമായാൽ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി തേടാനുള്ള ഒരുക്കത്തിലാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗം. ഇതിനുള്ള നിർദ്ദേശവും അവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിക്കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.