തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത കോവളം എം.എൽ.എ എം. വിൻസന്റിന് എതിരെ ഗുരുതര കണ്ടെത്തലുകൾ. പരാതിക്കാരിയായ വീട്ടമ്മയെ 2 തവണ എം.എൽ.എ പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് വീട്ടമ്മയെ എം.വിൻസന്റ് പീഡിപ്പിച്ചെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംമ്പർ 10 നും നവംമ്പർ 11 തിയതികളിലാണ് വീട്ടമ്മയെ എം. വിൻസന്റ് പീഡിപ്പിച്ചത്. അജിത ബീഗം ഐപിഎസ് ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥ.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ശനിയാഴ്ചയാണ് എം. വിൻസന്റിനെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ എം.എൽ.എയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. വ്യാജ പരാതിയാണ് എന്നും തനിക്ക് എതിരെ ഗൂഢാലോചന നടന്നു എന്നുമാണ് എം. വിൻസന്റ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞത്. സിപിഎം എം.എൽ.എയും പ്രാദേശിക നേതാക്കളുമാണ് പരാതിക്ക് പിന്നിലെന്നും എം. വിൻസന്റ് പ്രതികരിച്ചു.പരാതിക്കാരിയായ വീട്ടമ്മയ്ക്ക് വിഷാദരോഗമാണെന്നും, ഇതിന് ചികിത്സിക്കപ്പെട്ടെന്നും എംഎൽഎ ആരോപിച്ചിരുന്നു.

പാർട്ടിസ്ഥാനങ്ങളിൽ നിന്നും എം. വിൻസന്റിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിൻസന്റിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. എം. വിൻസന്റിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി രംഗത്ത് വന്നിരുന്നു. വിൻസന്റിന് എതിരെ ഗൂഡാലോചന നടന്നുവെന്നാണ് ഉമ്മൻ ചാണ്ടിയുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ