തിരുവനന്തപുരം: കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ ജീവനെടുത്ത അപകടം ബൈക്ക് റേസിങ് മൂലമെന്ന നാട്ടുകാരുടെ വാദം തള്ളി മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അമിത വേഗതയാണ് അപകടമുണ്ടാക്കിയത്, അപകടം നടക്കുന്ന സമയത്ത് വാഹനത്തിന്റെ വേഗത 100 കിലോമീറ്ററിനു മുകളിലായിരുന്നുവെന്നുണാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. റേസിങ് നടന്നിട്ടില്ലെന്നും അമിതവേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍
അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതും അപകടകാരണമായി എന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെ രാവിലെ കോവളം-തിരുവല്ലം ബൈപ്പാസില്‍ പാച്ചല്ലൂര്‍ തോപ്പടി ഭാഗത്തായിരുന്നു അപകടം.പനത്തുറ തുരുത്തിക്കോളനി വീട്ടില്‍ എല്‍.സന്ധ്യ(53), പട്ടം പൊട്ടക്കുഴിയില്‍ അരവിന്ദ്(23) എന്നിവരാണ് മരിച്ചത്. അരവിന്ദ് ഇന്‍സ്റ്റഗ്രാം റില്‍സ് എടുത്ത് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്. 10 ലക്ഷത്തിലേറെ വിലയുള്ള ആയിരം സിസിയുടെ സ്‌പോര്‍ട്‌സ് ബൈക്കാണ് അരവിന്ദ് ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അപകടത്തെ തുടര്‍ന്നള്ള പ്രതികരണത്തില്‍ ഈ ഭാഗത്ത് ഞായറാഴ്ച ദിവസങ്ങളില്‍ സ്ഥിരമായി യുവാക്കള്‍ ബൈക്ക് റേസിങ് നടത്തുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. നേരത്തെയും കോവളം ബൈപാസ് റോഡില്‍ റേസിങ്ങിനിടെ അപകടമരണങ്ങള്‍ ഉണ്ടായിരുന്നു. ബൈക്ക് റേസിങ് അപകടങ്ങള്‍ ആവര്‍ത്തിക്കുകയും സാധാരണക്കാര്‍ ഇരയാകുന്നത് ആവര്‍ത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.