കണ്ണൂർ: കൊട്ടിയൂരിൽ വൈദികൻ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ശിശുക്ഷേമ സമിതിക്കെതിരെ (ചൈൽഡ് വെൽഫെയർ കമ്മിറ്റി- സി ഡബ്ല്യൂ സി ) ആരോപണവുമായി വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രം. വിവരം കമ്മിറ്റിയെ അപ്പോള്‍ തന്നെ അറിയിച്ചിരുന്നെന്ന് ഹോളി ഇൻഫന്റ് മേരി കോൺവെന്റ് അധികൃതര്‍ വ്യക്തമാക്കി.

സ്ഥാപനത്തെ തകർക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നത്. കുഞ്ഞിനെ കൊണ്ടുവന്ന ഉടൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചിരുന്നു. തുടർ നടപടികൾ സ്വീകരിക്കാതിരുന്നത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണെന്നും ദത്തെടുക്കൽ കേന്ദ്രം അറിയിച്ചു.
ഇതിനിടെ കൊട്ടിയൂരിൽ വൈദികന്റെ ഭാഗത്തുനിന്നുമുണ്ടായത് ഹീനമായ കൃത്യമാണെന്ന് പറഞ്ഞ് എകെ ആന്റണി രംഗത്തെത്തിയിട്ടുണ്ട്.

സ്ത്രീകൾക്കു രാവിലെയും രാത്രിയും സഞ്ചരിക്കാൻ സാധിക്കുന്നില്ല, വീട്ടിൽ സുരക്ഷിതരായിരിക്കാൻ കഴിയുന്നില്ല, ജോലിക്ക് പോകാൻ സാധിക്കുന്നില്ല. സ്ത്രീകൾക്കെതിരായ അക്രമമാണ് പുരുഷന്മാർ നടത്തുന്നത്. ഇങ്ങനെ സ്ത്രീകൾ വലിയ വെല്ലുവിളി നേരിടുകയാണ് ഇവിടെ. അങ്ങനെയുളള സംസ്ഥാനത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത് ഹിപ്പോക്രസിയാണ്, പൊങ്ങച്ചമാണ് അദ്ദേഹം പറഞ്ഞു.

സ്ത്രീകളോട് അക്രമം കാണിക്കുന്ന ഒരാളോടും യോജിക്കാൻ സാധിക്കില്ല. സ്ത്രീകളോട് അക്രമം നടത്തുന്നവരുടെ ജാതിയോ മതമോ സംഘടനയോ രാഷ്ട്രീയമോ പ്രായമോ പരിഗണക്കേണ്ടതില്ല. കുറ്റക്കാരെ ശിക്ഷിക്കണം. കേസ് എടുത്താൽ മാത്രം പോരാ. ഇത്തരം കേസിൽ പെടുന്ന പ്രമാണിമാർ ജയിൽ കിടക്കുന്ന അവസ്ഥ വരണം.

സ്ത്രീകളോടുളള അക്രമത്തിന്റെ കാര്യത്തിൽ ​രാഷ്ട്രീയം കലർത്തേണ്ടതില്ല. ഇതിൽ രാഷ്ട്രീയം പറയുന്നുമില്ല. സ്ത്രീകളോട് അക്രമം കാണിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നതിൽ രണ്ടഭിപ്രായമില്ല. അതിൽ മറ്റൊരു വേർതിരിവും കാണരുതെന്നും ആന്റണി പറഞ്ഞു.v

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.