കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിൻ വടക്കുംചേരിയുടെ ശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു. 20 വർഷത്തെ ശിക്ഷ 10 വർഷമായും പിഴ ഒരു ലക്ഷമായി കുറച്ചുമാണ് ഇളവ് നൽകിയത്. ശിക്ഷ റദ്ദാക്കണമെന്നും ഇരയെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള ഹർജിയിലാണ് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ഉത്തരവ്.
പ്രതിക്കെതിരെ പോക്സോ വകുപ്പുകളും ഇന്ത്യൻ പീനൽ കോഡിലെ ബലാത്സംഗ വകുപ്പുകളും നിലനിൽക്കുമെന്ന് ജസ്റ്റിസ് നാരായണ പിഷാരടി വ്യക്തമാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും ഉഭയ സമ്മതകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന പ്രതിയുടെയും ഇരയുടേയും വാദം കോടതി തള്ളി. വിവാഹത്തിന് ജാമ്യം അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു.
പെൺകുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്ന പ്രോസിക്യൂഷൻ വാദം ശരിവച്ച കോടതി 376 (1) പ്രകാരം ബലാൽസംഗം നടന്നതായി കണ്ടെത്തി. സ്ഥാപനത്തിൻ്റെ അധികാരി എന്ന നിലക്കുള്ള പീഡനം അല്ല നടന്നതെന്ന് നിരീക്ഷിച്ച കോടതി 376(2) എഫ് ഭേദപ്പെടുത്തി.
376(1) പ്രകാരം ബലാത്സംഗം നിലനിൽക്കുമെന്ന് കണ്ടെത്തി പോക്സോ വകുപ്പുകളായ 3(എ) 4, 5 ജെ (ii) ഉം സ്ഥിരീകരിച്ചു. ബലാത്സംഗത്തിന് കുറഞ്ഞശിക്ഷ ഏഴു വർഷവും പോക്സോയ്ക്ക് 10 വർഷവുമാണ്. ഇതിൽ ഏതാണോ കൂടുതൽ അത് അനുഭവിച്ചാൽ മതി എന്നത് കണക്കിലെടുത്താണ് ശിക്ഷ പത്ത് വർഷമായി കുറച്ചത്.
ജനനതീയതി സംബന്ധിച്ചും പ്രതിയെക്കുറിച്ചും പെൺകുട്ടിയും മാതാപിതാക്കളും മൊഴി മാറ്റിയെങ്കിലും ജനന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇരയ്ക്ക് 18 വയസ് പൂർത്തിയായിട്ടില്ലെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായി.
പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് വൈദികനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയും പിന്നാലെ വൈദികനും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് പ്രതിയുടെ ആദ്യ ഹർജി ഹൈക്കോടതി തള്ളിയത്.
Also Read: സ്കൂളിൽ ഷൂ ധരിച്ചെത്തി, പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ മർദ്ദനം
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. പെൺകുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
അപ്പീലിൽ പെൺകുട്ടിയും കക്ഷി ചേർന്ന് വിവാഹത്തിന് സമ്മതമാണെന്നും അറിയിച്ചു. വിവാഹത്തിന് സഭാ അധികാരികളുടെ അനുമതിയുണ്ടെന്നും ഹർജിയിൽ ബോധിപ്പിച്ചു. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെൺകുട്ടി ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും നാട്ടിലുള്ള പെൺകുട്ടി വിവാഹത്തെക്കുറിച്ച് അറിവില്ലെന്നാണ് പറഞ്ഞതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിവാഹത്തിന് സഭയുടെ അനുമതി ഉണ്ടെന്ന് പ്രതി പറയുന്നുണ്ടെങ്കിലും, രേഖകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.
പെൺകുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് റോബിൻ വിചാരണക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കുറ്റം ബലാൽസംഗമാണെന്ന് കണ്ടെത്തിയാണ് മാനന്തവാടി കോടതി റോബിന് 20 വർഷം തടവു വിധിച്ചത്. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിൻ കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിൽ വൈദികനായിരുന്ന കാലത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് റോബിനെ കോടതി ശിക്ഷിച്ചത്.