തലശേരി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഫാ.റോബിൻ വടക്കുംചേരി കുറ്റക്കാരൻ. കേസിലെ മറ്റു ആറു പ്രതികളെയും വെറുതെ വിട്ടു. ഫാ.റോബിനെ 60 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. മൂന്നു വകുപ്പുകളിലായാണ് 60 വർഷം തടവ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. 3 ലക്ഷം രൂപ പിഴയും വിധിച്ചു. തലശേരി പോക്സോ കോടതിയാണ് വിധി പറഞ്ഞത്. കളളസാക്ഷി പറഞ്ഞതിന് കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ നടപടിയെടുക്കാനും കോടതി നിർദേശിച്ചു.
കേസിൽ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതിയായിരുന്നു ഫാ.റോബിൻ വടക്കുംചേരി. ഫാ.തോമസ് തേരകം, തങ്കമ്മ നെല്ലിയാനി, സിസ്റ്റർ ലീസ് മരിയ, സിസ്റ്റർ അനീറ്റ, സിസ്റ്റർ ഒഫീലിയ, സിസ്റ്റർ ബെറ്റി എന്നിവരായിരുന്നു മറ്റു പ്രതികൾ.
കൊട്ടിയൂർ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. കേസിൽ അറസ്റ്റിലായ റോബിൻ ഇപ്പോൾ റിമാൻഡിലാണ്. വിചാരണ വേളയിൽ പെൺകുട്ടി കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കുകയായിരുന്നു.
താനും വൈദികനും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി മാറ്റി നല്‍കിയത്. പെൺകുട്ടിയുടെ മാതാപിതാക്കളും സമാന മൊഴി കോടതിയിൽ രേഖപ്പെടുത്തുകയായിരുന്നു. വൈദികനുമായി കുടുംബജീവിതമാണ് താൻ ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.
കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണു പെൺകുട്ടി പ്രസവിച്ചത്. ആശുപത്രിയിൽ കുട്ടിയെ ചികിൽസിച്ച ഡോക്ടർമാരും ആശുപത്രി അഡ്മിനിസ്ട്രേറ്ററും കേസിൽ പ്രതികളായിരുന്നുവെങ്കിലും ഇവർ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.