തലശ്ശേരി: കൊട്ടിയൂർ പീഡനക്കേസിൽ ഫാദർ റോബിൻ വടക്കുംഞ്ചേരിയുടെ കൂട്ടുപ്രതിയായ ഫാദർ തോമസ് തേരകത്തിന് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് രണ്ടു പ്രതികളായ സിസ്റ്റർ ഓഫീലിയ, ബെറ്റി എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് പേരാവൂർ സിഐക്ക് മുൻപാകെ മൂന്നുപേരും കീഴടങ്ങിയത്.

പീഡനത്തിനിരയായ പെൺകുട്ടിയെ ശിശുക്ഷേമ സമിതിയിൽ ചേർത്ത സമയത്ത് പെൺകുട്ടിയുടെ പ്രായം തിരുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ശിശുക്ഷേമ സമിതിയിൽ പെൺകുട്ടിയെ പ്രവേശിപ്പിച്ചപ്പോൾ പ്രായം 16 എന്നതു തിരുത്തി 18 ആക്കിയത് തോമസ് തേരകമായിരുന്നു. ഇവർ 14ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അഞ്ചു ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

ദത്തെടുക്കൽ കേന്ദ്രം സൂപ്രണ്ടായ സിസ്റ്റർ ഒഫീലിയ കേസിലെ എട്ടാം പ്രതിയാണ്. നവജാത ശിശുവിനെ ലഭിച്ചിട്ടും പൊലീസിനെ അറിയിച്ചില്ലെന്നതാണ് ഇവർക്കെതിരായ കുറ്റം. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നും പൊലീസ് കണ്ടെത്തി. സിസ്റ്റർ ബെറ്റി ജോസും ഇതേ ദത്തെടുക്കൽ കേന്ദ്രത്തിലാണ്. സിസ്റ്റർ ഒഫീലിയയ്ക്ക് ഇവരായിരുന്നു കൂട്ട്. മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി കീഴടങ്ങിയിട്ടില്ല.

കേസിലെ മൂന്ന്, നാല്, അഞ്ച് പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ ടെസി ജോസ്, ഡോ.ഹൈദരാലി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി.ആന്‍സി മാത്യു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം കേട്ട തലശേരി എ.ഡി.എം കോടതി വിധി പറയുന്നത് ഈ മാസം 20 നു മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ