കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉഭയസമ്മതപ്രകാരമാണ് ബന്ധം നടന്നതെന്നും പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണക്കാക്കണമെന്ന തന്റെ ആവശ്യം വിചാരണ കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിയായ കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരിക്ക് തലശ്ശേരി പോക്‌സോ കോടതി 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Read: കൊട്ടിയൂർ പീഡനക്കേസ്: ഫാ.റോബിൻ വടക്കുംചേരി കുറ്റക്കാരൻ, 20 വർഷം കഠിന തടവ്

2016ലാണു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയായിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. കേസില്‍ 2017 ലാണ് റോബിന്‍ വടക്കുംചേരി അറസ്റ്റിലായത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു.

കൊട്ടിയൂര്‍ കേസ് പുറത്തുവന്നതോടെ പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് പിഡിപ്പിച്ചതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ആദ്യഘട്ടത്തില്‍ കുടുംബം പോലും അങ്ങിനെയാണ് മൊഴി നല്‍കിയത്. പൊലീസും ചൈല്‍ഡ് ലൈനും നിലപാട് കര്‍ശനമാക്കിയപ്പോള്‍ നാടുവിടാനായിരുന്നു റോബിന്റെ ശ്രമം. ചാലക്കുടിയില്‍ വച്ച് പോലിസ് പിടിയിലാകുമ്പോള്‍ റോബിന്‍ കാനഡയിലേക്കുള്ള യാത്ര ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫാ.റോബിനാണെന്നു വ്യക്തമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.