തലശ്ശേരി: കൊട്ടിയൂരിലെ നീണ്ടു നോക്കിയിൽ വൈദികൻ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് പ്രതിചേർത്ത മൂന്നു പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ടു കാന്യാസ്ത്രീകളും ഒരു ഡോക്ടറുമാണ് മുൻകൂർ ജാമ്യം തേടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം നടന്ന ക്രിസ്തുരാജ ആശുപത്രിയിലെ ജീവനക്കാരാണ് മൂന്നു പേരും. സിസ്റ്റർ ടെസി ജോസഫ്, ആൻസി മാത്യു, ഡോക്ടടർ ഹൈദരലി എന്നിവരാണ് തലശ്ശേരി അഡീഷ്ണൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രമായ ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്ലിങ് ഹോം മേധാവിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സിസ്റ്റര്‍ ഒഫീലിയയാണ് വയനാട് ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചത്. അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ എട്ടാം പ്രതിയാണ് സിസ്റ്റര്‍ ഒഫീലിയ.

സംഭവത്തിൽ പ്രതികളായ ഇവരിൽ ചിലർ​ ഒളിവിലാണ്. ജാമ്യാപേക്ഷയിലുള്ള കോടതിയുടെ തീരുമാനം വന്നതിന് ശേഷമായിരിക്കും ഇവർ പൊലീസിൽ കീഴടങ്ങുക. അതേസമയം, കേസിലെ മുഖ്യപ്രതിയായ റോബിൻ വടക്കുംഞ്ചേരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ