scorecardresearch
Latest News

റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം

ലക്ഷ്മിയെ ഒക്ടോബർ ആറു വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതി നിർദേശം

lakshmi pramod, lakshmi pramod serial actress, lakshmi pramod Pookkalam Varavayi, lakshmi pramod Pournamithinkal, lakshmi pramod interim bail

കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലം ജില്ലാ സെഷൻസ് കോടതി നടി ലക്ഷ്മി പ്രമോദിന് കോടതി ഇടക്കാലജാമ്യം അനുവദിച്ചു. സെപ്റ്റംബർ 15ന് നടി കോടതി മുൻപാകെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

ലക്ഷ്മിയെ ഒക്ടോബർ ആറു വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതി നിർദേശം. സീരിയലിന്റെ ഷൂട്ടിങ് ഉള്ളതിൽ ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. ലക്ഷ്മിയേയും ഭർത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിനു ശേഷം കേസിൽ ആരോപണവിധേയയായ ലക്ഷ്മി ഒളിവിൽ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് ലക്ഷ്മി ഒളിവിൽ പോയത്.

മരിച്ച റംസിയും ലക്ഷ്മിയും നല്ല അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി ടിക്‌ടോക് വീഡിയോകൾ ചെയ്യുകയും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലക്ഷ്മിയിൽ നിന്നും കേസിന് നിർണായകമായ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുക്കൂട്ടൽ.

Read more: റംസിയുടെ മരണം: സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ

റംസിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്മി പ്രമോദാണ് പ്രേരിപ്പിച്ചതെന്നും അതിനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിനു പിന്നിലും നടിയ്ക്ക് പങ്കുണ്ടെന്ന് റംസിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും.

സെപ്റ്റംബർ മൂന്നിന് വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിയായ റംസി തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും മറ്റൊരു വിവാഹാലോചന വന്നപ്പോൾ ഹാരിസ് റംസിയെ ഒഴിവാക്കാൻ ശ്രമിക്കുകയും അതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയുമായിരുന്നു. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kottiyam suicide case serial actress lakshmi pramod gets interim bail