മലപ്പുറം: കോട്ടയ്ക്കലില്‍ ദേശീയപാതക്കായി ജനവാസ കേന്ദ്രങ്ങൾ ഏറ്റെടുക്കുന്നതിനെതിരെ നിരാഹാരമിരുന്ന അഡ്വ. ഷബീനയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറം സ്വാഗതമാട്ടെ സമര പന്തലില്‍ നിന്നാണ് ഷബീനയെ അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ നടപടി കൈയേറ്റമാണെന്ന് സമരാനുകൂലികള്‍ പറഞ്ഞു. ഷബീനയെ ഇന്ന് രാവിലെ ഡോക്ടര്‍ എത്തി പരിശോധിച്ച് ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. സമരപന്തലില്‍ ഉണ്ടായിരുന്നവര്‍ പ്രതിഷേധിച്ചെങ്കിലും ഷബീനയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി.
ഷബീനയെ അറസ്റ്റ് ചെയ്ത ഉടനെ സമരാനുകൂലിയായ ആസ്യ എന്ന സ്ത്രീ നിരാഹാര സമരം നടത്തി. ആശുപത്രിയിലെത്തിയ ഷബീന ഡോക്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് തിരികെ എത്തി നിരാഹാര സമരം പുനരാരംഭിച്ചു. ദേശീയപാതക്കായി കുറ്റിപ്പുറം – ഇടിമുഴീക്കല്‍ റീച്ചില്‍ നടക്കുന്ന സര്‍വേ ഇതിനകം 28 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി.