കോട്ടയം വഴിയുള്ള റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ 2020 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര ടൂറിസം, ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് റെയില്‍വേ ഉദ്യോഗസ്ഥരും സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറുപ്പുന്തറ-ഏറ്റുമാനൂര്‍, ചിങ്ങവനം-ചങ്ങനാശ്ശേരി ബ്ലോക്കുകള്‍ 2018 മെയ് 31നകവും കോട്ടയം-ചിങ്ങവനം, ഏറ്റുമാനൂര്‍-കോട്ടയം ബ്ലോക്കുകള്‍ 2020 മാര്‍ച്ച് 31നകവും കമ്മീഷന്‍ ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയതായി മന്ത്രി അറിയിച്ചു.

ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം റെയില്‍ പാതയിരട്ടിപ്പും ശബരി റെയില്‍പദ്ധതിയും പൂര്‍ണ്ണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിക്കാന്‍ റെയില്‍വേ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായംകുളം മുതല്‍ ഹരിപ്പാട് വരെ 13 കിലോമീറ്റര്‍ പാതയിരട്ടിപ്പ് നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ഹരിപ്പാട്-അമ്പലപ്പുഴ, അമ്പലപ്പുഴ-തുറവൂര്‍, തുറവൂര്‍-കുമ്പളം, കുമ്പളം-എറണാകുളം ബ്ലോക്കുകള്‍ സംസ്ഥാനത്തിന്റെ 856 കോടി രൂപ സഹായത്തോടെ പൂര്‍ത്തീകരിക്കണമെന്നായിരുന്നു മുന്‍ നിര്‍ദ്ദേശം. എന്നാല്‍ പൂര്‍ണ്ണമായും കേന്ദ്ര സഹായത്തോടെ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇക്കാര്യം റെയില്‍വേ, ധനമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മൈസൂര്‍- തിരുവനന്തപുരം പ്രതിവാര ട്രെയിന്‍ പ്രതിദിനമാക്കുകയോ അല്ലെങ്കില്‍ വെള്ളിയാഴ്ച മൈസൂര്‍ നിന്നാരംഭിച്ച് ശനിയാഴ്ച തിരുവനന്തപുരത്തെത്തി ഞായറാഴ്ച മടങ്ങി പോകുന്ന തരത്തിലാക്കുകയോ വേണമെന്നും കേന്ദ്രമന്ത്രി റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. 2014ലെ ബജറ്റില്‍ പ്രഖ്യാപിച്ച മൈസൂര്‍-തിരുവനന്തപുരം ട്രെയിനിന്റെ ഷെഡ്യൂള്‍ റെയില്‍വേ തയ്യാറാക്കി വരികയാണ്.

കേരളത്തിലേക്ക് ഉപയോഗിച്ച് പഴകിയ റെയില്‍ കോച്ചുകള്‍ നല്‍കുന്ന പതിവ് അവസാനിപ്പിച്ച് പുതിയ തരം എല്‍എച്ച്ബി കോച്ചുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രിയുടെ ആവശ്യങ്ങള്‍ റെയില്‍വേ ബോര്‍ഡ് പരിഗണിക്കുമെന്നും പുതിയ കോച്ചുകള്‍ വൈകാതെയെത്തുമെന്നും റെയില്‍വേ ബോര്‍ഡ് അഡീഷണല്‍ മെമ്പര്‍ (വര്‍ക്ക്‌സ്) അജിത് പണ്ഡിറ്റ് പറഞ്ഞു.

പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ബജറ്റില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(വര്‍ക്ക്‌സ്) രാജേഷ് അഗര്‍വാള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള കെ., കോട്ടയം ജില്ലാ കളക്ടര്‍ ബി. എസ്. തിരുമേനി, പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ആലപ്പുഴ ജില്ലാ കളക്ടര്‍ ടി. വി. അനുപമ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ