നിരുപാധികമായ സ്നേഹം കൊണ്ട് മനുഷ്യരെ അമ്പരപ്പിക്കുന്ന മൃഗങ്ങളാണ് നായ്ക്കൾ. ഉടമയോടുള്ള നായ്ക്കളുടെ അളവറ്റ സ്നേഹം മുൻപും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കണ്ണുനനയിപ്പിക്കുന്ന ഒരു വാർത്തയാണ് കോട്ടയത്തു നിന്നും വരുന്നത്. സ്വന്തം ജീവൻ നൽകി തന്റെ പ്രിയപ്പെട്ട ഉടമയെ രക്ഷിച്ചിരിക്കുകയാണ് അപ്പു എന്ന വളർത്തുനായ. വൈദ്യുതാഘാതമേൽക്കുന്നതിൽ നിന്നും തന്റെ ഉടമയെ രക്ഷിച്ച അപ്പു ഷോക്കേറ്റു മരിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ കോട്ടയം ചാമംപതാലിലാണ് സംഭവം. അയൽ വീട്ടിൽ നിന്നും പാൽ വാങ്ങിക്കാൻ ഇറങ്ങിയതായിരുന്നു വാഴപ്പള്ളി വിജയന്റെ മകൻ അജേഷ് (32). അപ്പുവും അജേഷിനൊപ്പമുണ്ടായിരുന്നു. പതിവുപോലെ അപ്പു മുന്നിൽ നടന്നു, അജേഷ് പിറകെയും. വഴിയിൽ പൊട്ടിവീണ വൈദ്യുതകമ്പി കണ്ട് അപ്പു ഓടിച്ചെന്ന് കടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ തെറിച്ചു വീഴുകയായിരുന്നു.
അജേഷ് നായയെ രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും കുരച്ചുകൊണ്ട് നായ തടഞ്ഞു. വീണ്ടും എണീറ്റ് വൈദ്യുതി ലൈൻ കടിച്ചുമാറ്റാൻ ശ്രമിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. പൊട്ടിവീണ വൈദ്യുതി ലൈൻ അപ്പു ആദ്യം കണ്ടതുകൊണ്ടുമാത്രമാണ് അജേഷിന് വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത്.
കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമാണ് അപ്പുവിന്റെ ജഡം പുറത്തെടുത്തത്.
Read more: നാലുമാസം കൊണ്ടൊരു ആശുപത്രി സമുച്ചയം; കാസർഗോട്ടുകാരെ വിസ്മയിപ്പിച്ച് ടാറ്റ