scorecardresearch
Latest News

മോഷണം നടത്തിയത് അസമിലെ കാമുകിയുടെ അടുത്തേക്ക് പോകാൻ; വീട്ടമ്മയെ കൊന്ന ബിലാലിന്റെ മൊഴി

ബിലാലിന് അഞ്ച് ഭാഷകൾ അറിയാമെന്നും നേരത്തെ പലതവണ അസമിൽ പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി

പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നു. ഫൊട്ടോ: നിതിൻ ആർ.കെ.

കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുഹമ്മദ് ബിലാൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി. ഇന്നലെ രാത്രി നടന്ന മൊഴിയെടുപ്പിനിടെയാണ് ബിലാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. മോഷണം നടത്തി പണമുണ്ടാക്കി അസമിലുള്ള കാമുകിയുടെ അടുത്ത് പോകാനായിരുന്നു ബിലാലിന്റെ ലക്ഷ്യം. ഓൺലെെൻ വഴിയാണ് അസമിലുള്ള പെൺകുട്ടിയെ ബിലാൽ പരിചയപ്പെട്ടത്. ഇവരുടെ അടുത്തെത്താനാണ് മോഷണം നടത്തിയതെന്ന് ബിലാൽ മൊഴി നൽകി.

ബിലാലിന് അഞ്ച് ഭാഷകൾ അറിയാമെന്നും നേരത്തെ പലതവണ അസമിൽ പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനും മോഷണത്തിനും ശേഷം എറണാകുളത്ത് തന്നെ തങ്ങുകയായിരുന്നു ബിലാൽ. എറണാകുളത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്‌തു. കേസിന്റെ സ്ഥിതിഗതികൾ അറിഞ്ഞശേഷം ഏതെങ്കിലും ട്രെയിനിൽ അസമിലേക്ക് കടക്കാനായിരുന്നു ബിലാൽ ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറയുന്നു.

Read Also: ഇന്ത്യയിൽ കോവിഡ് വ്യാപനം ഇനിയും രൂക്ഷമായേക്കും; മുന്നറിയിപ്പ്

കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്‌ക്കടിച്ച കൊന്ന കേസിൽ 23 കാരനായ മുഹമ്മദ് ബിലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ജൂൺ അഞ്ചിനാണ്. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റു പരുക്കേറ്റ ഇവരുടെ ഭർത്താവ് അബ്‌ദുൾ സാലി (65) ഗുരുതരാവസ്ഥയിലാണ്. വീടിനുള്ളിലാണ് ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ രണ്ട് പേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ വീടിനു തൊട്ടടുത്ത് തന്നെയാണ് പ്രതിയുടെ സ്വന്തം വീട്. എന്നാൽ, ഇയാൾ കുറച്ച് നാളായി എറണാകുളത്ത് താമസിച്ചു വരികയാണ്.

ബിലാൽ ഇവരുടെ വീട്ടിലെ കാറുമായി കടന്നുകളയുകയായിരുന്നു. കാർ മോഷണം പോയെന്ന് മനസിലാക്കിയ പൊലീസ് ഉടൻ തന്നെ വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരാൾ കാറുമായി പോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. പിന്നീട് കാറിനു പിന്നാലെയായിരുന്നു അന്വേഷണം. കാറുമായി ഇയാൾ ഒരു പെട്രോൾ പമ്പിലെത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കൊലയ്ക്ക് ശേഷം കാറുമായി രക്ഷപ്പെട്ട പ്രതി ചെങ്ങളത്തെ പമ്പിലെത്തി 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ പ്രതി മലയാളിയാണെന്ന് പൊലീസ് ഉറപ്പിച്ചു. മൊബെെൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു.

Read Also: ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും നാളെ തുറക്കും; ആശങ്ക

രാവിലെ 8.30 നും 9.30നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. രാവിലെ വളരെ നേരത്തെ തന്നെ പ്രതി ഇവിടെ എത്തിയിരുന്നു. എന്നാൽ, ആ വീട്ടിലെ ആരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. പിന്നീട് എട്ട് മണിയോടെ വീടും എത്തി. പരിചയമുള്ള ആളുകളെ മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുന്ന കൂട്ടത്തിലാണ് അബ്‌ദുൾ സാലിയും ഭാര്യ ഷീബയും. പ്രതിയെ പരിചയമുള്ളതിനാൽ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. വീട്ടിലേക്ക് പ്രവേശിച്ച മുഹമ്മദ് ബിലാലിനു കുടിക്കാൻ വെള്ളമെടുക്കാൻ ഷീബ അടുക്കളയിലേക്ക് പോയി. ഈ സമയത്ത് പ്രതി അബ്‌ദുൾ സാലിയെ ആക്രമിച്ചു. അബ്‌ദുൾ സാലിയുടെ ശബ്‌ദം കേട്ട് അടുക്കളയിൽ നിന്ന് ഷീബ ഓടിയെത്തി. ഷീബയെയും യുവാവ് ആക്രമിച്ചു. വീട്ടിലെ ടീപോയ് കൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നു. പലതവണ ഇരുവരെയും തലയ്‌ക്കടിച്ചു. ടീപോയ് ഒടിഞ്ഞു. പിന്നീട് ടീപോയ്‌യുടെ കാൽ ഉപയോഗിച്ച് വീണ്ടും ആക്രമിച്ചു.

ഇതിനുശേഷം തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് ഗ്യാസ് തുറന്നുവിട്ടത്. എല്ലാം കത്തിചാമ്പലാകുമെന്നും അതുവഴി തെഴിവുകളെല്ലാം നശിപ്പിക്കപ്പെടുമെന്നും പ്രതി വിചാരിച്ചു. ഇരുവരും മരിച്ചെന്ന് കരുതി രണ്ട് പേരുടെയും ദേഹത്ത് വെെദ്യുതി കമ്പി ചുറ്റി. ഷോക്കടിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. പിന്നീട് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നും കോട്ടയം എസ്‌പി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വെെദ്യുതി കമ്പി ദേഹത്ത് ചുറ്റിയത് നിർണായക വഴിത്തിരിവായെന്ന് പൊലീസ് പറയുന്നു. ഇലക്‌ട്രിക്കൽ ജോലികളുമായി ബന്ധമുള്ള ആരോ ആണ് ചുറ്റിയതെന്ന് ഇതിലൂടെ വ്യക്തമായി. പ്രതി മുഹമ്മദ് ബിലാൽ ഇലക്‌ട്രിക് ജോലികൾക്കും പോകുന്ന ആളാണ്. പണവും സ്വർണവും കെെക്കലാക്കി ദൂരെ എവിടെയെങ്കിലും പോയി ജീവിക്കണമെന്ന് ആഗ്രഹിച്ചാണ് മുഹമ്മദ് ബിലാൽ ഇങ്ങനെയൊരു കൃത്യം ചെയ്‌തത്. മുഹമ്മദ് ബിലാലിനെ പലപ്പോഴും സാമ്പത്തികമായി ഈ കുടുംബം സഹായിച്ചിരുന്നതായും പൊലീസ് പറയുന്നു.

ഈ വീടുമായി പരിചയമുള്ള ആരോ ആണ് അക്രമത്തിനു പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് ആദ്യമേ എത്തിയത്. വീടിന്റെ ഹാളിനുള്ളിലെ മേശപ്പുറത്ത് ഒരു ഗ്ലാസ് പൊട്ടിയ നിലയിൽ കിടക്കുന്നുണ്ടായിരുന്നു. പരിചയമുള്ള ആരോ വന്നപ്പോൾ വെള്ളമോ ചായയോ കൊടുത്ത ഗ്ലാസ് ആകുമിതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അടുക്കളയിൽ ചപ്പാത്തി തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു ഷീബ. വീട്ടിലേക്ക് ആരോ വന്നപ്പോൾ ചപ്പാത്തി ഉണ്ടാക്കുന്നത് നിർത്തി ഹാളിലേക്ക് വന്നതാകുമെന്നും പൊലീസ് പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഷീബയുടെ ഭർത്താവ് അബ്‌ദുൾ സാലിക്ക് ഓർമ തെളിഞ്ഞാൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kottayam murder muhammed bilal investigation