കോട്ടയം: മകനെ പിടിച്ചുകൊണ്ടുപോയെന്ന് പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നു കോട്ടയത്ത് കൊല്ലപ്പെട്ട ഷാന്‍ബാബു (19) വിന്റെ അമ്മ ത്രേസ്യാമ്മ. പരാതി നല്‍കിയപ്പോള്‍ നോക്കിക്കൊള്ളാമെന്നാണു പൊലീസ് പറഞ്ഞത്. തന്റെ കുഞ്ഞിനെ ഇങ്ങനെ കൊണ്ടുചെല്ലാന്‍ പൊലീസുകാര്‍ എന്ത് നോക്കിനില്‍ക്കുകയായിരുന്നുവെന്നും ഗുണ്ടകളെ സര്‍ക്കാര്‍ എന്തിന് തുറന്നുവിടുന്നുവെന്നും ത്രേസ്യാമ്മ കണ്ണീരോടെ ചോദിക്കുന്നു.
”മൂന്ന് പിള്ളേരെകൂടി അവന്‍ നടന്നുവരികയായിരുന്നു. രണ്ട് പിള്ളേരും ഓടിപ്പോയി, എന്റെ മോന്റെ കാലിന്റെ മുട്ട് മുറിഞ്ഞത് കൊണ്ട് അവന് ഓടാന്‍ പറ്റിയില്ല. അതാണ് അവന്‍ എന്റെ കുഞ്ഞിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. എന്റെ കുഞ്ഞിന്റെ ജഡം കൊണ്ടുവന്ന് പോലീസ് സ്റ്റേഷനില്‍ കൊണ്ടുകൊടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞിനെ എന്തിനു കൊന്നു,” ത്രേസ്യാമ്മ ചോദിച്ചു.
”ഞാന്‍ രാത്രി പൊലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെട്ടതാ, മോനെ കണ്ടില്ല, ജോമോന്‍ എന്നൊരുത്തന്‍ എന്തോ പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയെന്ന്. എന്റെ കുഞ്ഞിനെന്തെങ്കിലും ആപത്തുണ്ടോയെന്ന് പൊലീസിനോട് നൂറുവട്ടം ചോദിച്ചതാ. ഇല്ല, ചേച്ചി ധൈര്യമായിരിക്ക് നേരം വെളുക്കും മുന്‍പ് കണ്ടെത്തിത്തരുമെന്നാണ് അവര്‍ പറഞ്ഞത്. രാത്രി രണ്ടുമണിയായപ്പോള്‍ അവന്‍ എന്റെ കുഞ്ഞിനെ കൊന്ന് പൊലീസ് സ്റ്റേഷന്റെ വാതില്‍ക്കല്‍ കൊണ്ടുകൊടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞിനെ എങ്ങനെ ദ്രോഹിക്കാന്‍ തോന്നും. ഇവന്‍ എത്രയോ പേരെ ഇങ്ങനെ വെറുതെ കൊല്ലുന്നു. ഒരമ്മയല്ലേ ഞാന്‍. എന്നോട് എന്തിന് ഇങ്ങനെ ചെയ്തു. ഞങ്ങളാരോടും ഒരു ദ്രോഹത്തിനും വരുന്നില്ലല്ലോ? ഈ സര്‍ക്കാര്‍ എന്തിനാണ് ഇവനെയൊക്കെ വെറുതെവിടുന്നത്?”
Also Read: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു; പ്രതി പിടിയിൽ
വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെ ഇന്നു പുലര്‍ച്ചെയാണ് ജോമോന്‍ ജോസ് മര്‍ദിച്ചുകൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ടത്. ഷാന്‍ ബാബുവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എതിര്‍ സംഘത്തിലെ ചിലരെ കണ്ടെത്തുന്നതിനും ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനും വേണ്ടിയാണ് ആക്രമിച്ചതെന്ന് പ്രതി പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണു ഷാന്‍ ബാബുവിനെ ഓട്ടോറിക്ഷയിലെത്തിയ ജോമോന്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് മര്‍ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഷാനിന്റെ ശരീരത്തിലുണ്ട്. മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ട പ്രതി ഷാനിനെ കൊലപ്പെടുത്തിയതായി പൊലീസുകാരോട് വിളിച്ചുപറയുകയായിരുന്നു. തുടര്‍ന്നു പൊലീസെത്തി ജോമോനെ പിടികൂടുകയായിരുന്നു.
കാപ്പാ കേസ് പ്രതിയാണ് ജോമോന്‍ ജോസ്്. കാപ്പാ ചുമത്തി ജില്ലയില്‍നിന്നു പുറത്താക്കിയതോടെ ജോമോന് കോട്ടയത്തെ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ പ്രാധാന്യം ഇല്ലാതായിരുന്നു. നവംബറില്‍ നാടുകടത്തപ്പെട്ട ജോമോന്‍ അപ്പീലില്‍ രണ്ടാഴ്ച മുന്‍പാണ് തിരിച്ചെത്തിയത്.
ജോമോന്റെ സംഘാംഗത്തെ, സൂര്യന്‍ എയാളുടെ നേതൃത്വത്തിലുള്ള സംഘം മുന്‍പ് മര്‍ദിച്ചിരുന്നു. സൂര്യന്‍ എവിടെയുണ്ടെന്നറിയാനാണ് ഷാനിനെ പ്രതി തട്ടിക്കൊണ്ടുപോയതെന്നാണു പൊലീസ് നല്‍കുന്ന വിവരം. ഷാന്‍ബാബു സൂര്യന്റെ സുഹൃത്താണെന്നാണ് പറയപ്പെടുന്നത്.