കോട്ടയം: കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റു പരുക്കേറ്റ ഇവരുടെ ഭർത്താവ് അബ്‌ദുൾ സാലി (65) ഗുരുതരാവസ്ഥയിലാണ്. വീടിനുള്ളിലാണ് ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ പത്തിനു അക്രമിസംഘം എത്തിയതായാണ് പൊലീസിന്റെ നിഗമനം. അബ്‌ദുൾ സാലിയുടെ വീട്ടിലുണ്ടായിരുന്ന കാർ മോഷണം പോയിട്ടുണ്ട്. കാറുമായി ഒരാൾ പോകുന്നത് തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദുരൂഹത നീക്കണമെങ്കിൽ കാറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. കാറിനു പിന്നാലെയാണ് അന്വേഷണസംഘം ഇപ്പോൾ. മൊബെെൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. കൊല്ലപ്പെട്ട ഷീബയുടെ സ്വർണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കയ്യിൽ ധരിച്ചിരുന്ന വളകൾ കാണാനില്ലെന്ന് ഷീബയുടെ ഭർതൃസഹോദരൻ പറഞ്ഞു.

Read Also: Kerala Monsoon Cyclone Weather Live Updates: കോഴിക്കോട് ഓറഞ്ച് അലർട്ട്, സംസ്ഥാനത്ത് പരക്കെ മഴ

ഈ വീടുമായി പരിചയമുള്ള ആരോ ആണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വീടിന്റെ ഹാളിനുള്ളിലെ മേശപ്പുറത്ത് ഒരു ഗ്ലാസ് പൊട്ടിയ നിലയിൽ കിടക്കുന്നുണ്ട്. പരിചയമുള്ള ആരോ വന്നപ്പോൾ വെള്ളമോ ചായയോ കൊടുത്ത ഗ്ലാസ് ആകുമിതെന്നാണ് പൊലീസ് കരുതുന്നത്. അടുക്കളയിൽ ചപ്പാത്തി വേവിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷീബ. വീട്ടിലേക്ക് ആരോ വന്നപ്പോൾ ചപ്പാത്തി ഉണ്ടാക്കുന്നത് നിർത്തി ഹാളിലേക്ക് വന്നതാകുമെന്നും പൊലീസ് കരുതുന്നു. ഗുരുതരാവസ്ഥയിലുള്ള ഷീബയുടെ ഭർത്താവ് അബ്‌ദുൾ സാലിക്ക് ഓർമ തെളിഞ്ഞാൽ കേസിൽ നിർണായക വഴിത്തിരിവുണ്ടാകും.

വീട്ടിലെ പാചക വാതകം തുറന്നു വിട്ട നിലയിലായിരുന്നു. ദമ്പതികൾ ആക്രമിക്കപ്പെട്ട കാര്യം ഇന്നലെ വെെകീട്ടാണ് നാട്ടുകാർ അറിയുന്നത്. പാചകവാതകത്തിന്റെ ഗന്ധം രൂക്ഷമായതോടെയാണ് നാട്ടുകാർ തെരച്ചിൽ നടത്തുന്നത്. പാചകവാതകത്തിന്റെ മണം വരുന്നത് എവിടെ നിന്നാണെന്ന് അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ ദമ്പതികൾ ആക്രമിക്കപ്പെട്ട നിലയിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഷീബയുടെയും ഭർത്താവിന്റെയും ശരീരത്തിൽ വൈദ്യുതിവയർ കെട്ടി വച്ചിരുന്നു. വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിലെ സാധനങ്ങളെല്ലാം തട്ടിമറിച്ച നിലയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.