കോട്ടയം: ഷാൻ ബാബുവിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി ജോമോൻ കെ.ജോസ്. എതിർ സംഘത്തിലെ ചിലരെ കണ്ടെത്തുന്നതിനും ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനും വേണ്ടിയാണ് യുവാവിനെ ആക്രമിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
നേരത്തെ ജോമോന് കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. അടുത്തിടെ അതിനു അപ്പീൽ നൽകി ഇയാൾ തിരിച്ചെത്തി. എന്നാൽ അപ്പോഴേക്കും ഇയാളുടെ സംഘങ്ങളെല്ലാം കൊഴിഞ്ഞു പോയി. അതോടെ ജില്ലയിൽ സ്വാധീനം കുറഞ്ഞു. അതിനിടയിൽ മറ്റൊരു സംഘം അവിടെ സ്വാധീനമുറപ്പിച്ചു. ഇതു തിരിച്ചുപിടിക്കുന്നതിനായാണ് ജോമോൻ ഷാൻ ബാബുവിനെ ആക്രമിച്ചതെന്ന് കോട്ടയം എസ്‌പി ഡി.ശിൽപ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ജോമോൻ വിമലഗിരി സ്വദേശി ഷാൻ ബാബുവിനെ തല്ലിക്കൊന്ന് മൃതദേഹവുമായി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെത്തിയത്. മൃതദേഹം സ്റ്റേഷന് മുന്നിലിട്ട ശേഷം താൻ കൊല്ലപ്പെടുത്തിയതാണെന്ന് ഇയാൾ പൊലീസിനോട് വിളിച്ചുപറയുകയായിരുന്നു.
ഇന്നലെ രാത്രി സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു നിന്ന ഷാനിനെ ജോമോനും മറ്റു രണ്ടുപേരും ഓട്ടോയിലെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഷാനിന്റെ ശരീരത്തിൽ ഇരുമ്പു വടികൊണ്ട് ഉൾപ്പെടെ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നാണ് വിവരം.
പ്രതി ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്നറിയാൻ ജോമോനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Also Read: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു; പ്രതി പിടിയിൽ