കോട്ടയം:കോട്ടയത്തെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ സദാചാര ഗുണ്ടായസത്തിനെതിരെ വിദ്യാര്‍ത്ഥിനികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചു. കോട്ടയം സിഎംഎസ് കോളജ് കാമ്പസിലായിരുന്നു പ്രതിഷേധ പരിപാടി. സദാചാര അക്രമങ്ങള്‍ക്കെതിരെ പോസ്റ്ററുകള്‍ പങ്കുവെച്ചും ഒപ്പുശേഖരണം നടത്തിയുമായിരുന്നു പ്രതിഷേധ പരിപാടി. കോളജ് കവാടം മുതല്‍ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്ത് മനുഷ്യമതില്‍ തീര്‍ത്തു. സമൂഹത്തിലുണ്ടാകുന്ന സദാചാര ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
നഗരമധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമൂഹത്തില്‍ നിന്ന് പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടായില്ലെന്നത് അത്ഭുതപ്പെടുത്തിയെന്ന് മുടിമുറിക്കല്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന ഗൗരി കൃഷ്ണ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
”പ്രതികരണ ശേഷിയുള്ളവരായിരിക്കണമെന്ന് പൊതുസമൂഹത്തോട് പറയുകയെന്നത് ഈ പ്രതിഷേത്തിന്റെ ലക്ഷ്യമായിരുന്നു. മാത്രമല്ല ആക്രമണത്തിനിരയായി ഞങ്ങളുടെ സഹപാഠികള്‍ കാമ്പസില്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു ഗൗരി കൃഷ്ണ പറഞ്ഞു.
”ക്ലാസ് വാര്ഡന് ജെന്റില്‍ വര്‍ഗീസിന്റെ പിന്തുണയാണ് ഈ പ്രതിഷേധങ്ങള്‍ക്ക് പ്രചോദനമായത്, അഞ്ജന എന്ന സുഹൃത്താണ് രാവിലെ 11 മണിയാടെ കോളജിലെ ഗ്രേറ്റ് ഹാളില്‍ എത്തി മുടി മുറിച്ച് ആദ്യം പ്രതിഷേധിച്ചത്. ”നമ്മള് മനുഷ്യരാണ്, നമ്മള് അവര്‍ക്കൊപ്പം നില്ക്കും” ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് അഞ്ജന ഒരു കുറിപ്പും എഴുതിവെച്ചു. ഇതിന് ശേഷമാണ് താന്‍ അടക്കമുള്ളവര്‍ മുടി മുറിക്കല്‍ പ്രതിഷേധത്തിന് പിന്തുണയേകി രംഗത്ത് വന്നതെന്നും ഗൗരി കൃഷ്ണ പറഞ്ഞു.
തിങ്കളാഴ്ച രാത്രി കോട്ടയം നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനിലായിരുന്നു കോളജ് വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് മൂവര്‍ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.



ആക്രമണത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തിനേറ്റ പരുക്കിനേക്കാള്‍ വലുത് ഈ മാനസിക നൊമ്പരമാണെന്ന് ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി പറഞ്ഞിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്ലം, അനസ് അഷ്കര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.