കോട്ടയം: രോഗിയ്ക്ക് കുറഞ്ഞ അളവിൽ മാത്രം അനസ്‌തീസിയ നൽകി കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ നടന്നു. കുട്ടനാട്, വെളിയനാട് സ്വദേശി സുദേവനെയാണു (46) ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.

ഇദ്ദേഹത്തിന്റെ തലച്ചോറിനകത്ത് ഉണ്ടായിരുന്ന നാല് സെന്റിമീറ്റർ വലിപ്പമുളള മുഴയാണ് ഏറെ പ്രയാസകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് സുദേവൻ ഇടയ്ക്കിടെ കൈകാലുകൾ ചലിപ്പിച്ചു.

പക്ഷാഘാതത്തിനുളള സാധ്യതയുണ്ടായിരുന്നതിനാൽ കുറഞ്ഞ അളവിലാണ് രോഗിക്ക് അനസ്തീസിയ നൽകിയത്. ഇന്നലെ രാവിലെ എട്ട് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂർത്തിയായത്.

കടുത്ത തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടാണ് സുദേവൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.  വിദഗ്ദ്ധ പരിശോധനയിലാണ് തലയ്ക്കകത്ത് മുഴ കണ്ടെത്തിയത്.  ന്യൂറോ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ.പി.കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ