തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാതശിശുവിനെ കടത്തികൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ആശുപത്രി ജീവനക്കാരെല്ലാം ഐഡി കാർഡ് നിർബന്ധമായും ധരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സുരക്ഷ ക്രമീകരണങ്ങൾ പരിശോധിക്കാനും ആവശ്യമെങ്കിൽ സുരക്ഷ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
ഇന്നലെ ഉച്ചയ്ക്കാണ് ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ നഴ്സ് വേഷം ധരിച്ചെത്തിയ നീതു എന്ന യുവതി കടത്തിക്കൊണ്ടുപോയത്. ഒരു മണിക്കൂറത്തെ തിരച്ചിലിനൊടുവിൽ ആശുപത്രിക്കു സമീപത്തുനിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എറണാകുളം കളമശേരി സ്വദേശിനി നീതു (23)വിനേയും പിന്നീട് കാക്കനാട് സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: കുഞ്ഞിനെ കടത്തികൊണ്ടുപോയ സംഭവം: കാമുകനെ ബ്ലാക്മെയിൽ ചെയ്യാനെന്ന് നീതുവിന്റെ മൊഴി