Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

സ്വന്തം കുഞ്ഞെന്ന് വിശ്വസിപ്പിക്കാൻ നീതു ചിത്രം അയച്ചു നൽകി; കേസിൽ യുവാവിന് പങ്കില്ലെന്ന് പൊലീസ്

കുഞ്ഞിനെ കാട്ടി വിവാഹം മുടക്കി സ്വർണവും പണവും വീണ്ടെടുക്കാനായിരുന്നു ശ്രമമെന്ന് നീതു പൊലീസിന് മൊഴി നൽകിയതായാണ് വിവരം

kottayam medical college, kottayam medical college hospital, newborn baby, stolen, baby abduction, നീതു, തട്ടിക്കൊണ്ടുപോയി,നവജാത ശിശു, കോട്ടയം മെഡിക്കൽ കോളേജ്, ie malayalam
Photo: Screengrab

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയ കേസിൽ പിടിയിലായ ഇബ്രാഹിം ബാദുഷയ്ക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ്. കുഞ്ഞ് ഇയാളുടേതാണെന്ന് കാണിച്ചു ഇയാളുമായുള്ള ബന്ധം നിലനിർത്തുക എന്നതായിരുന്നു നീതുവിന്റെ ലക്ഷ്യമെന്ന് എസ്.പി ഡി ശിൽപ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ താൻ രണ്ടു മാസം ഗർഭിണിയാണ് നീതു ഇയാളെ അറിയിച്ചു. എന്നാൽ രണ്ടു മാസം കഴിഞ്ഞപ്പോൾ ഗർഭം അലസിപ്പോയി. പിന്നീട് ഇയാൾ മറ്റു വിവാഹാലോചനകൾ നോക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞിലെങ്കിൽ ഇയാൾ തന്നെ ഉപേക്ഷിക്കും എന്ന ചിന്ത വന്നതോടെയാണ് കുഞ്ഞിനെ തട്ടിയെടുക്കുന്ന കാര്യം നീതു തീരുമാനിക്കുന്നത്.

തുടർന്നാണ് ഇവർ കോട്ടയത്ത് എത്തുന്നതും കുഞ്ഞിനെ കടത്താൻ പദ്ധതിയിടുന്നതും. രണ്ടു ദിവസം ആശുപത്രിയിൽ തങ്ങിയ ശേഷമാണ് ഇവർ കുഞ്ഞിനെ കൊണ്ടുപോകാൻ ശ്രമം നടത്തിയത്. കുഞ്ഞിനേയും കൊണ്ട് യുവാവിനൊപ്പം ജീവിക്കാനായിരുന്നു നീതുവിന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

നീതു വിവാഹിതയാണ്. ആ ബന്ധം ഒഴിവാക്കി യുവാവിനൊപ്പം ജീവിക്കാനായിരുന്നു ഉദ്ദേശം. അതേസമയം, എല്ലാം പ്ലാൻ ചെയ്തത് നീതു ഒറ്റക്കായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. നഴ്‌സിന്റെ കോട്ട് ഉൾപ്പടെ നീതു പണം കൊടുത്തു വാങ്ങിയതാണ്.

യുവാവിന് പണം നൽകിയിട്ടുണ്ട് എന്നാണ് നീതു പറയുന്നത്. ഈ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. നീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്സ് വേഷം ധരിച്ചെത്തിയ നീതു കടത്തിക്കൊണ്ടുപോയത്. ഒരു മണിക്കൂർ തിരച്ചിലിനൊടുവിൽ ആശുപത്രിക്കു സമീപത്തുനിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എറണാകുളം കളമശേരി സ്വദേശിനി നീതു (23)വിനേയും പിന്നീട് കാക്കനാട് സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തതെന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ ഇന്നലെ പറഞ്ഞിരുന്നു. പ്രതിക്ക് കുട്ടികളെ കടത്തുന്ന റാക്കറ്റുമായി ബന്ധമില്ലെന്നും പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് കുട്ടിയെ കണ്ടെത്താനായതെന്നും എസ്‌പി വ്യക്തമാക്കി.

Also Read: നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ യുവതി പിടിയിൽ

ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതി ഇന്നലെയും മെഡിക്കല്‍ കോളജിലെത്തിയതായാണു പൊലീസ് പറയുന്നത്.

ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. നഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി ചികിത്സയ്ക്കെന്ന പേരിൽ കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങികൊണ്ടുപോവുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതെ വന്നതോടെ മാതാപിതാക്കൾ കുട്ടിയെ അന്വേഷിച്ചു നഴ്‌സിങ് സ്റ്റേഷനിൽ എത്തുകയായിരുന്നു. എന്നാൽ കുഞ്ഞിനെ തങ്ങൾ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ അവരെ അറിയിച്ചു. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളമുണ്ടാക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kottayam medical college baby abduction case intention was to blackmail boyfriend says neethu

The moderation of comments is automated and not cleared manually by malayalam.indianexpress.com