കോട്ടയം: മണർകാട് സ്വദേശി അർച്ചനയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ബിനു അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏപ്രിൽ മൂന്നിനാണ് അർച്ചനയെ ഭർതൃ വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നാരോപിച്ച് അര്‍ച്ചനയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.
രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്റായ ബിനുവും അർച്ചനയുമായുള്ള വിവാഹം. സ്വർണവും പണവും ഒന്നും വേണ്ടെന്ന് പറഞ്ഞാണ് അർച്ചനയെ ബിനു കല്യാണം കഴിച്ചത്. പിന്നീട് ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പലഘട്ടങ്ങളിലായി പണം നൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ട് ബിനു അർച്ചനയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.
അച്ഛന്റെയും അമ്മയുടെയും പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.
Also Read: ആശങ്കയായി കോവിഡ് വീണ്ടും ഉയരുന്നു; മൂന്നു മാസത്തിന് ശേഷം ടിപിആർ പത്തിന് മുകളിൽ