കോട്ടയം: പ്രണയവിവാഹത്തിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്‌ച പറ്റിയതായി ആരോപണം. തന്റെ ഭർത്താവ് കെവിൻ പി.ജോസഫിനെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് ഭാര്യ നീനു ചാക്കോ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അവഗണിച്ചു. കോട്ടയത്ത് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയുണ്ടെന്നും അതു കഴിഞ്ഞ് അന്വേഷിക്കാമെന്നാണ് എസ്ഐ എം.എസ്.ഷിബു പറഞ്ഞത്. നവരനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത ചാനലുകൾ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. അന്നു രാവിലെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പൊലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പൊലീസ് സ്വീകരിച്ചില്ല. ഇതിനുപിന്നാലെ രാവിലെ 11 മണിക്ക് നീനു പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. പക്ഷേ പൊലീസ് പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ തയ്യാറായില്ല. തന്റെ സഹോദരനാണ് ഭർത്താവിനെ തട്ടിക്കൊണ്ടുപോയതെന്ന് കരഞ്ഞു പറഞ്ഞിട്ടും പൊലീസ് അന്വേഷിക്കാൻ തയ്യാറായില്ലെന്ന് നീനു മനോരമ ന്യൂസിനോട് ഇന്നലെ പറഞ്ഞിരുന്നു.

(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ഡിജിപി ലോക്നാഥ് ബെഹ്റയുടേതാണ് ഉത്തരവ് അനുസരിച്ച് നീനുവിന്റെ പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗർ എസ്ഐ ഷിബുവിനെയും സ്റ്റേഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെടെ 10 പേരാണ് കേസിലെ പ്രതികൾ. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയേക്കര ആറ്റിൽ ഇന്ന് കണ്ടെത്തിയിരുന്നു. നാട്ടുകാരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രീഷ്യനാണ് കെവിൻ. ഭാര്യ നീനു ധനസ്ഥിതിയുളള കുടുംബത്തിലെ അംഗമാണ്. കെവിനും നീനുവും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോയി. നീനുവിന്റെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് നീനുവിനെ സ്റ്റേഷനിൽ ഹാജരാക്കി. പക്ഷേ തനിക്ക് കെവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നാണ് നീനു പറഞ്ഞത്.

പൊലീസിന്റെ മുന്നിൽവച്ച് നീനുവിനെ ബന്ധുക്കൾ മർദിക്കുകയും ചെയ്തു. വീട്ടുകാരുടെ ഭീഷണി കടുത്തതോടെ നീനുവിനെ അമ്മഞ്ചേരിയിലുളള ലേഡീസ് ഹോസ്റ്റലിലേക്ക് കെവിൻ മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിൽ കെവിൻ താമസിക്കാൻ തുടങ്ങി. അവിടെ വച്ചാണ് പുലർച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി എത്തിയ 10 അംഗ സംഘം വീടാക്രമിച്ചത്. കെവിനെയും അനീഷിനെയും വെവ്വേറെ കാറുകളിലായി സംഘം തട്ടിക്കൊണ്ടുപോയി. അനീഷിനെ പിന്നീട് സംഘം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ