കൊല്ലം: കോട്ടയത്ത് കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചാക്കോയുടെ വീട് അടിച്ചുതകർത്ത് ഭാര്യയെ മർദിച്ചതായി പരാതി. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചതായും ചാക്കോയുടെ ഭാര്യ രഹ്നയെ മർദ്ദിച്ചതും.

ദുരഭിമാന കൊലയെന്ന് ആരോപണം ഉയർന്ന സംഭവത്തിൽ, കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ മാതാവാണ് രഹ്ന. രഹ്നയുടെ ഭർത്താവായ ചാക്കോയും നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ എന്നിവർ കേസിലെ പ്രധാന പ്രതികളാണ്.

ഇന്നലെ വൈകിട്ട് 6.30 ഓടെ അജിയും ഭാര്യയും ചാക്കോയുടെ വസതിയിലെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട സംസാരം പിന്നീട് വാക്കുതർക്കത്തിലെത്തി. കമ്പിവടി ഉപയോഗിച്ച് അജി, രഹ്നയുടെ തലയ്ക്കടിക്കാൻ ശ്രമിച്ചിവെങ്കിലും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഇത് തടഞ്ഞു.

ഇതിനിടെ നിലത്തുവീണ രഹ്നയെ, അജി മർദ്ദിച്ചുവെന്നാണ് പരാതി. അയൽവാസികൾ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് അജി ആക്രമണത്തിൽ നിന്ന് പിന്മാറിയത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് സംഘം രഹ്നയെ പുനലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെ രഹ്ന, അജി താമസിക്കുന്ന വീട്ടിലെത്തി അജിയുടെയും ചാക്കോയുടെയും അമ്മയെ അസഭ്യം പറഞ്ഞതായി ആരോപണം ഉണ്ട്. ഇത് ചോദിക്കാനാണ് അജി ഇവരുടെ വീട്ടിലേക്ക് വൈകിട്ട് എത്തിയതെന്നും പറയപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ