പത്തനംതിട്ട: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്‍റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്ന തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുളളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്തും വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. മാർച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്.

ഇതേ ദൃശ്യത്തിൽ അൽപ്പ സമയത്തിന് ശേഷം ജെസ്‌നയുടെ ആൺസുഹൃത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ എരുമേലിയിൽ രാവിലെ 10.30ന് ബസിൽ ഇരിക്കുന്നതു കണ്ടതായി സാക്ഷി മൊഴിയുണ്ടായിരുന്നു. ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. എന്നാൽ പിന്നീട് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.

മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യത്തിലാണ് ജെസ്‌നയെ കണ്ടെത്തിയത്. ഈ ക്യാമറ ദൃശ്യങ്ങൾ നേരത്തെ ഇടിമിന്നലിൽ നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ സാങ്കേതിക വിദഗ്‌ധർ നടത്തിയ പരിശ്രമത്തിൽ ഇവ വീണ്ടെടുത്തു.

കാണാതായ ദിവസം പകൽ 11.44 നാണ് ജെസ്‌ന മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയ്‌ക്ക് മുന്നിലൂടെ നടന്നുപോയത് കണ്ടത്. ആറ് മിനിറ്റ് കഴിഞ്ഞ് 11.50 ന് ജെസ്‌നയുടെ ആൺസുഹൃത്തും ഈ ഭാഗത്തുകൂടി തന്നെ നടന്നുപോകുന്നത് കണ്ടു.

എന്നാൽ രാവിലെ ജെസ്‌ന വീട്ടിൽ നിന്നിറങ്ങുന്നത് കണ്ടവർ നൽകിയ മൊഴി പ്രകാരം ജെസ്‌ന ചുരിദാറായിരുന്നു ധരിച്ചത്. മുണ്ടക്കയത്തെ വീഡിയോയിൽ ജെസ്‌ന ധരിച്ചത് ജീൻസും ടോപ്പുമാണ്. മുണ്ടക്കയത്ത് ജെസ്‌ന ഷോപ്പിങ് നടത്തിയിരിക്കണമെന്നും അവിടെ വച്ച് തന്നെ വസ്ത്രം അഴിച്ചുമാറ്റി പുതിയത് ധരിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ നിഗമനം. ഏറ്റവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും ജെസ്‌ന ഇവിടെ ഏതെങ്കിലും വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സമയം ചെലവഴിച്ചിരിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ ജസ്നയെ ബംഗളൂരുവില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ബംഗളൂരുവിലേക്ക് തിരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ