കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഎം-കേരള കോൺഗ്രസ് (എം) ധാരണ തുടരും. കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സിപിഎം കേരള കോൺഗ്രസിനെ പിന്തുണയ്ക്കും. സിപിഎം പാർലമെന്ററി പാർട്ടി യോഗമാണ് കേരള കോൺഗ്രസിന്റെ സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്. അതേസമയം, കോൺഗ്രസ് ധാരണ തെറ്റിച്ചെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.

നേരത്തെ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് (എം) ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. 22 അംഗ സഭയിൽ എട്ടിനെതിരെ 12 വോട്ട് നേടിയാണ് കേരള കോൺഗ്രസിന്റെ സഖറിയാസ് കുതിരവേലി വിജയിച്ചത്. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് ഭരണമാണ് സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് നേടിയത്.

കോണ്‍‌ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് കരാറുണ്ടാക്കിയശേഷം നാടകീയമായാണ് കേരള കോണ്‍ഗ്രസ് അട്ടിമറിനീക്കം നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് സക്കറിയാസ് കുതിരവേലി പ്രസിഡന്റാകുകയും ചെയ്തു. മുൻ ധാരണകൾ ലംഘിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഎമ്മുമായി സഹകരിച്ച് ഭരണം നേടിയ കേരള കോൺഗ്രസിന്റെ നടപടിയെ കോൺഗ്രസ് നേതാക്കൾ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വിഷയത്തിൽ കോട്ടയം ഡിസിസി മാണിക്കും പാർട്ടിക്കുമെതിരെ പ്രമേയം ഇറക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ