കോട്ടയം: കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം. ഭക്ഷണം കഴിക്കുന്നതിനിടെ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് മൂവര്‍ സംഘം ആക്രമിക്കുകയായിരുന്നു. സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. അക്രമത്തിനിരയായവരുടെ മറ്റൊരു സുഹൃത്ത് അപകടത്തില്‍പ്പെട്ട് കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിദ്യാര്‍ത്ഥിനിക്ക് വേണ്ട വസ്ത്രങ്ങളും മറ്റും നല്‍കിയശേഷം പുറത്തുപോയി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. അവിടെയെത്തിയ അക്രമിസംഘം പെണ്‍കുട്ടിയെ കമന്റടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.