scorecardresearch

കൊട്ടക്കമ്പൂർ ഭൂമിക്കേസ്: ജോയ്സ് ജോർജ് എം പി ഹാജരാകണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ

ഭൂമിക്കേസ് സംബന്ധിച്ച് നൽകിയ അപ്പീലിനെ തുടർന്നാണ് അസൽ രേഖകളുമായി ഹാജരാകാൻ എം പിയോട് ആവശ്യപ്പെട്ടിട്ടുളളത്.

ഭൂമിക്കേസ് സംബന്ധിച്ച് നൽകിയ അപ്പീലിനെ തുടർന്നാണ് അസൽ രേഖകളുമായി ഹാജരാകാൻ എം പിയോട് ആവശ്യപ്പെട്ടിട്ടുളളത്.

author-image
WebDesk
New Update
kottakkamur area neelakurinji

കൊച്ചി: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെട്ട കൊട്ടക്കമ്പൂര്‍ ഭൂമി കേസില്‍ ജോയ്‌സ് ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഭൂമിയുടെ പട്ടയം റദ്ദാക്കിയതെന്ന് കാട്ടി ജോയ്‌സ് ജോര്‍ജ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് അപ്പീൽ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഭൂമിയുടെ രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി അസല്‍ രേഖകളുമായി ജോയ്‌സ് ജോര്‍ജ് നേരിട്ട് ദേവികുളം സബ് കലക്ടര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടത്.

Advertisment

2017 നവംബറിലാണ് ദേവികുളം സബ് കളക്ടറായിരുന്ന വി ആര്‍ പ്രേംകുമാര്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയില്‍ കൊട്ടക്കമ്പൂരിലുള്ള 28 ഏക്കര്‍ സ്ഥലത്തിന്റെ പട്ടയം റദ്ദാക്കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് ഭൂമി സ്വന്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പട്ടയം റദ്ദാക്കിയത്. തുടര്‍ന്ന് തന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സബ് കളക്ടറുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജോയ്‌സ് ജോര്‍ജ് മുന്‍ ഇടുക്കി ജില്ലാ കലക്ടറായിരുന്ന ജി ആര്‍ ഗോകുലിന് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് സബ് കളക്ടറുടെ നടപടികളില്‍ വീഴ്ചവന്നിട്ടുണ്ടെന്നും ഒരിക്കല്‍ക്കൂടി നടപടികള്‍ ആവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇതിനിടെ ജോയ്‌സ് ജോര്‍ജ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലില്‍ തന്റെ ഭൂമി ഇപ്പോള്‍ സര്‍ക്കാര്‍ കൈവശത്തിലാണെന്ന പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ഭാഗികമായി അംഗീകരിച്ച ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സബ് കലക്ടറുടെ ഉത്തരവിലെ ഭൂമി സര്‍ക്കാര്‍ കൈവശത്തിലാണെന്ന പരാമര്‍ശം റദ്ദാക്കി. ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട ഭൂമിയുടെ നടപടികള്‍ ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനും അസല്‍ രേഖകളുമായി നേരിട്ടുതന്നെ ഹര്‍ജിക്കാരന്‍ ഹാജരാകണമെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം ഭൂമിയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രസ്തുത സ്ഥലലത്തിന്റെ കരം സ്വീകരിക്കുകയോ ഭൂമിക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്യരുതെന്നും ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്. ദേവികുളം സബ് കളക്ടറായിരുന്ന വി ആര്‍ പ്രേംകുമാറിനെ സ്ഥലം മാറ്റിയതോടെ പുതുതായി ചാര്‍ജെടുത്ത രേണു രാജായിരിക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ഇനി പരിശോധിക്കുക.

Advertisment

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കൊട്ടക്കമ്പൂര്‍ ഭൂമിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതു സര്‍ക്കാര്‍ തീരുമാനവും ജോയ്‌സിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.

Land Issue Idukki Joice George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: