തിരുവനന്തപുരം: കൊട്ടക്കമ്പൂര്‍ ഭൂമി പ്രശ്നം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും . ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്‍റെയും കുടുംബാംഗങ്ങളുടെയും പട്ടയം ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയതിനെ ചൊല്ലി സിപിഎം- സിപിഐ തര്‍ക്കം തുടരുന്നതിനിടെയാണ് യോഗം. റവന്യു, വനം വകുപ്പ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.

ജോയ്സ് ജോര്‍ജും കുടുംബാംഗങ്ങളും കൊട്ടക്കമ്പൂരിൽ കൈവശംവെച്ചിരുന്നു 20 ഏക്കര്‍ ഭൂമിയുടെ പട്ടയം കഴിഞ്ഞ ദിവസം റവന്യു വകുപ്പ് റദ്ദാക്കിയിരുന്നു. പക്ഷേ എം.പിയുടെയും കുടുംബത്തിന്‍റേതും വ്യാജ പട്ടയമെന്ന് കണ്ടെത്തി ദേവികുളം സബ് കലക്ടര്‍ പട്ടയം റദ്ദാക്കുകയായിരുന്നു. ഇന്ന് നടക്കുന്ന യോഗത്തിൽ ഇടുക്കിയിലെ റവന്യു ഉദ്യോഗസ്ഥരും പങ്കെടുക്കും.

ജോയ്സ് ജോർജ്ജിന്റെ പട്ടയം റദ്ദാക്കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സി.പി.എം മൂന്നാര്‍ മേഖലയിൽ ഹര്‍ത്താലും നടത്തി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം. ഇടുക്കി കലക്ടറെയും ദേവികുളം സബ്കല്ക്ടറെയും യോഗത്തിലേയ്ക്ക് വിളിച്ചിട്ടുണ്ട് . പട്ടയം റദ്ദാക്കൽ നിയമപരമായ നടപടിയെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കും . ജോയ്സിനും കുടുംബാംഗങ്ങള്‍ക്കും കലക്ടര്‍ക്ക് അപ്പീൽ നല്‍കാൻ 30 ദിവസത്തെ സമയമുണ്ടെന്ന് അറിയിക്കുയും ചെയ്യും .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ